ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ കടുത്ത എതിർപ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലേക്ക് യാത്ര തുടരുന്നു. ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അഭ്യർഥിച്ചെങ്കിലും ചൈന നിരസിച്ചു. ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുക. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുക. 

ബുധനാഴ്ചയാണ് കപ്പൽ എത്തുകയെന്ന് നേരത്തേ അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ന് എത്തുമെന്നാണ് പുതിയ വിവരം. ഏഴു ദിവസത്തോളം കപ്പൽ തുറമുഖത്ത് ഉണ്ടാകും. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ചാരക്കപ്പൽ യാത്ര നീട്ടണമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ‘ചൈനയുടെ ശാസ്ത്രീയ പര്യവേക്ഷണം വിവേകത്തോടെയും ശരിയായ രീതിയിലും മനസ്സിലാക്കി, ചൈനയും ശ്രീലങ്കയും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ചില കക്ഷികളോട് അഭ്യർഥിക്കുന്നു’ എന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന ഇതിന് മറുപടി നൽകി. 

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പൽ  ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനാണ് എത്തുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശപരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ ചാരക്കണ്ണിൽപ്പെടുമെന്നും പറയപ്പെടുന്നു. 

English Summary : China's Spy Ship Still Headed To Sri Lanka Despite "Defer" Request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com