തൊടുപുഴ / പാലക്കാട് / പത്തനംതിട്ട/ കൊച്ചി ∙ എറണാകുളം ഇടമലയാർ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു. പെരിയാറിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നേക്കും.ഡാമില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വർധിപ്പിക്കുമെന്ന് ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചു. കോഴിക്കോട് കക്കയം അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി പരമാവധി 120 സെമി വരെ ഉയര്‍ത്തി പരമാവധി 175 ക്യുമെക്‌സ് ജലം വരെ പുറത്തേക്ക് ഒഴുക്കും. ജനവാസ മേഖലകളില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടാനാണു നിർദേശം. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയിലും ആറു മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും.

ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2387.04 അടിയിലും സംഭരണ ശേഷിയുടെ 86.63 ശതമാനത്തിലും എത്തിയ സാഹചര്യത്തിൽ ഉച്ചക്ക് 12.30 മുതൽ ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 120 സെന്റീമീറ്റർ ഉയരത്തിൽ നിന്നും 160 സെന്റീമീറ്ററായി ഉയർത്തും. 2, 4 ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയരത്തിലും 1, 5 ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയരത്തിലും നിലനിർത്തും. ആകെ 330 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറും രാവിലെ തുറന്നു. തുറന്നിരിക്കുന്ന 13 ഷട്ടറുകളിൽ മൂന്നെണ്ണം 60 സെന്റിമീറ്ററായി ഉയർത്തി ആകെ 9237.00 ക്യൂസെക്സ് ജലം പുറത്തേക്കൊഴുക്കുന്നു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

വയനാട്ടിലെ ബാണാസുരസാഗർ ഡാമിന്റെ ഒരു ഷട്ടർ കൂടി ഉച്ചയ്ക്ക് 12.30ന് തുറക്കും. മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ ആലുവയിൽ പല വീടുകളിലും വെള്ളം കയറി. റൂൾ കർവ് പരിധിയിലും ഉയർന്ന് ജലനിരപ്പ് നിൽക്കുന്നതിനാൽ തമിഴ്നാട് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴിക്കുമോ എന്ന ആശങ്കയുണ്ട്. റൂൾ കർവ് പാലിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 55ൽ നിന്ന് 80 സെന്റിമീറ്ററായി ഉയർത്തി. മുക്കൈ പുഴയിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നതിനാല്‍ മുക്കൈ നിലംപതി വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തി.
ശിരുവാണി ഡാം വാല്‍വ് 1.50 മീറ്ററില്‍ നിന്ന് 1.70 മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ചുള്ളിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പുയരാന്‍ ഒന്നര അടി മാത്രം അവശേഷിക്കെ ഒരു സ്പില്‍വേ ഷട്ടര്‍ രാവിലെ ഒന്‍പതിന് തുറക്കും. പാലക്കാട് ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാംപുകളിലായി 323 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോരമേഖലയില്‍ രാത്രിയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
English Summary: Idukki, Mullaperiyar, Edamalayar Dam's Water Level updates