ADVERTISEMENT

കൊൽക്കത്ത ∙ ബിക്കിനി ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി. സെന്റ് സേവ്യേഴ്സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാർഥിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്നാണു നടപടിയെന്നാണു റിപ്പോർട്ട്.

ഒന്നാംവർഷ ബിരുദ വിദ്യാർഥിയുടെ പിതാവിന്റെ രേഖാമൂലമുള്ള പരാതിയെ തുടർന്നു തന്നോടു ജോലി രാജിവയ്ക്കാൻ കോളജ് അധികൃതർ നിർബന്ധിച്ചതായി അധ്യാപിക ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച സെന്റ് സേവ്യേഴ്സ് കോളജ്, അധ്യാപിക സ്വമേധയാ വിരമിക്കുകയായിരുന്നു എന്ന് അവകാശപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ പ്രചാരണമനുസരിച്ചു ബി.കെ.മുഖർജി എന്നയാളാണ് അധ്യാപികയ്ക്കെതിരെ പരാതി നൽകിയത്. ‘അടുത്തിടെ, എന്റെ മകൻ അവന്റെ കോളജിലെ വനിതാ അസിസ്റ്റന്റ് പ്രഫസറുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നോക്കിയിരിക്കുന്നതു കാണാനിടയായി. പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാനായി ലൈംഗിക പ്രദർശനം ലക്ഷ്യമിട്ടുള്ള ചിത്രങ്ങളായിരുന്നു അതെല്ലാം. ഉൾവസ്ത്രങ്ങൾ മാത്രമിട്ട് ഒരു അധ്യാപിക ചിത്രമെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും രക്ഷിതാവ് എന്ന നിലയിൽ എനിക്കു വളരെയേറെ നാണക്കേടുണ്ടാക്കി.

പൊതുമര്യാദയില്ലാതെയും പ്രദർശനവസ്തുവായും സ്ത്രീശരീരത്തെ ദൃശ്യവൽക്കരിച്ചതു കാണാതിരിക്കാൻ ഞാൻ മകനെ തടഞ്ഞു. ആ ചിത്രങ്ങൾ അശ്ലീലവും അസഭ്യവും 18 വയസ്സുകാരനായ വിദ്യാർഥിക്കു യോജിക്കാത്തതുമാണ്. വളരെ കുറച്ചു വസ്ത്രത്തിൽ ശരീരം സ്വയം പ്രദർശിപ്പിക്കുന്ന അവന്റെ അധ്യാപികയെ കാണുകയെന്നതു ശരിയായ കാര്യമാണോ?’– പരാതിയിൽ പിതാവ് ചൂണ്ടിക്കാട്ടി.

പരാതിക്കു പിന്നാലെ അധ്യാപികയെ കോളജ് അധികൃതർ ചർച്ചയ്ക്കു വിളിപ്പിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചില ചിത്രങ്ങളും പരാതിക്കൊപ്പം അധികൃതർ കാണിച്ചു. സർവകലാശാലയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചു. സംഭവത്തിനുശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അധ്യാപിക പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

English Summary: St Xavier’s Kolkata 'Forces' Prof to Quit as Students Looked at her Bikini Pictures on Instagram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com