ADVERTISEMENT

പട്ന∙ ബിഹാറിൽ മഹാസഖ്യ സർക്കാർ ബുധനാഴ്ച വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിർ ചേർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതിനു ശേഷമാണ് നാളെ അധികാരത്തിലേറുമെന്ന് അറിയിച്ചത്.

എൻഡിഎയിൽ നിന്ന് പുറത്തുപോകാൻ പാർട്ടി ഐകകണ്ഠേനയാണ് തീരുമാനമെടുത്തതെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച് ഗവർണറെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസ്വി യാദവ് ഉൾപ്പെടെയുള്ള ആർജെഡി നേതാക്കളും കൂടെ ഉണ്ടായിരുന്നു. മഹാഘട്ബന്ധനിൽ ഏഴ് പാർട്ടികളുണ്ടെന്ന് നിതീഷ് വ്യക്തമാക്കി. ആകെ 164 എംഎൽഎമാരുണ്ട്. പിന്തുണ പ്രഖ്യാപിച്ച് അവർ കത്ത് ഒപ്പിട്ടു നൽകും. എൻ‍ഡിഎ വിടാൻ പാർട്ടി തീരുമാനിക്കുമ്പോൾ, തനിക്കത് തള്ളിക്കളയാൻ സാധിക്കില്ലെന്നും നിതീഷ് പറഞ്ഞു.

അമ്മാവൻ–മരുമകൻ സർക്കാർ തിരിച്ചുവന്നുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. ‘‘ബിഹാറിനെ പുതിയ ഉയരങ്ങളിലെത്തിക്കും. രാജ്യത്തെ ഏറ്റവും പരിചയസമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. ജാതിപരമായി ജനങ്ങളെ വിഭജിക്കാൻ മാത്രമെ ബിജെപിക്ക് അറിയൂ. മുന്നണികളോട് അവർ ചെയ്തതെന്താണെന്ന് നോക്കൂ. ഇല്ലാതാക്കുകയാണ് ബിജെപി ചെയ്യുന്നത്. പഞ്ചാബിലും മഹാരാഷ്ട്രയിലും അതാണ് സംഭവിച്ചത്. ബിഹാറിലും സമാനരീതി നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.’

‘‘പട്നയിൽ സന്ദർശനം നടത്തിയ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞത് പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുമെന്നാണ്. ജനാധിപത്യത്തിന്റെ മാതൃഭൂമിയായ ബിഹാറിൽ അദ്ദേഹത്തിന് എങ്ങനെ ഇതു പറയാൻ സാധിക്കും? അദ്ദേഹത്തിന് എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇല്ലാതാക്കണം. അതായത് ജനാധിപത്യത്തെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ബിജെപിയുടെ അജണ്ട ബിഹാറിൽ നടപ്പാക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ തലത്തിലും കേന്ദ്ര സർക്കാർ പരാജയമാണ്. ആ വികാരം രാജ്യം മുഴുവനുണ്ട്’’– അദ്ദേഹം പറഞ്ഞു.

ഗവർണറെ കണ്ട് രാജി സമർപ്പിച്ച നിതീഷ് കുമാർ, ഏതാനും മണിക്കൂറുകൾക്കു ശേഷം ആർജെഡി നേതാക്കളോടൊപ്പം വീണ്ടും ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

English Summary: Tejashwi Yadav With Nitish Kumar As They Stake Claim To Form Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com