ADVERTISEMENT

തിരുവല്ല ∙ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മിലുള്ള വാക്പോര് തുടരുന്നു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണ് മന്ത്രിയുടെ മറുപടിയെന്ന് സതീശൻ പറഞ്ഞു. ഉത്തരം കിട്ടാത്തപ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കും. മന്ത്രിക്ക് അസഹിഷ്ണുതയാണെന്നും തന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കില്ലെന്നും സതീശന്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ പാടില്ല, ഉപദേശിക്കാന്‍ പാടില്ല എന്നാണ് മന്ത്രിയുടെ നിലപാട്. നന്നായി ജോലി ചെയ്താല്‍ മന്ത്രിയെ അഭിനന്ദിക്കാന്‍ മടിക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

‘‘റോഡിലെ കുഴി അടയ്ക്കണമെന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനസിലെ കുഴി അടയ്ക്കണമെന്നാണ് മന്ത്രി പറയുന്നത്. എന്റെ മനസിലെ കുഴി കൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല. പക്ഷേ റോഡിലെ കുഴി അപകടകരമാണ്. അത് അടയ്ക്കണം. സര്‍ക്കാരിന്റെ തെറ്റ് തിരുത്തുകയും അശ്രദ്ധയും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുകയുമാണ് പ്രതിപക്ഷത്തിന്റെ ജോലി. മന്ത്രി എന്തിനാണ് വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുന്നത്? ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം, എനിക്ക് ജയിലില്‍ പോയി പരിചയമില്ല, കൊതുക് കടി കൊണ്ടിട്ടില്ല, ഒളിവില്‍ പോയിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. റോഡിലെ കുഴികളെ കുറിച്ച് സംസാരിക്കാന്‍ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ? ഇനി ഞാന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്ന ആക്ഷേപം കൂടി ഈ മന്ത്രി പറയും.’ – സതീശൻ പരിഹസിച്ചു.

‘‘മന്ത്രിക്ക് അസഹിഷ്ണുതയാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നു പറയും. ഉത്തരം കിട്ടാതെ വരുമ്പോള്‍ കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്. അദ്ദേഹം കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി ആയതുകൊണ്ടാണ് ഈ ചോദ്യങ്ങള്‍ ചോദിച്ചത്. വെറും മുഹമ്മദ് റിയാസായിരുന്നെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കില്ലായിരുന്നു. ചോദിച്ച മൂന്നു ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ വിഷയത്തെ മന്ത്രി വ്യക്തിപരമായി എടുത്തിരിക്കുകയാണ്’ – സതീശൻ ചൂണ്ടിക്കാട്ടി.

‘‘ദേശീയപാതയിലും പൊതുമരാമത്തു റോഡുകളിലും ഉണ്ടാകുന്ന കുഴികളില്‍ വീണ് ആളുകള്‍ മരിക്കുകയും കൈകാലുകള്‍ ഒടിഞ്ഞ് പരിക്കേല്‍ക്കുകയും ചെയ്യുന്നത് ഗൗരവമേറിയ വിഷയമാണ്. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതും റോഡിന്റെ ശോച്യാവസ്ഥയും മാധ്യമങ്ങളെല്ലാം വാര്‍ത്തായാക്കുകയും നിരവധി തവണ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ഇവര്‍ക്കെല്ലാം സര്‍ക്കാരിനെതിരെ പറയാം, പക്ഷെ പ്രതിപക്ഷം ഇതു പറയാന്‍ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണ്.’

‘‘ദേശീയപാത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പൊതുമരാമത്തു റോഡിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും പ്രതിപക്ഷം വിമര്‍ശിച്ചിട്ടുണ്ട്. വളരെ ലളിതമായ ചോദ്യങ്ങളാണ് സര്‍ക്കാരിനോട് ചോദിച്ചത്. മഴയ്ക്കു മുന്‍പുള്ള അറ്റകുറ്റപ്പണികള്‍ സംസ്ഥാനത്ത് നടന്നിട്ടില്ല. 322 കോടി രൂപ അനുവദിച്ചിട്ടും മണ്‍സൂണ്‍ അവസാനിക്കാറായ സമയത്തും അതിന്റെ ടെണ്ടര്‍ നടക്കുകയാണ്. അതിന്റെ രേഖകളും ഹാജരാക്കി. പ്രീ മണ്‍സൂണ്‍ വര്‍ക്ക് പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കായി നടക്കാന്‍ പോകുകയാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരമില്ല.’

‘‘2017ല്‍ പിഡബ്ല്യുഡിയില്‍ രൂപീകരിച്ച മെയിന്റനന്‍സ് വിഭാഗം 2021ലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവരും പിഡബ്ല്യുഡി റോഡ്‌സ് വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് പ്രീ മണ്‍സൂണ്‍ അറ്റകുറ്റപ്പണികള്‍ വൈകിച്ചതെന്ന് പറഞ്ഞതിനും മറുപടിയില്ല. നാഷനല്‍ ഹൈവേ അതോറിറ്റിക്കു കൈമാറിയ റോഡുകളിലും പിഡബ്ല്യുഡി റോഡ് വിഭാഗം പണി നടത്തുന്നുണ്ടെന്നതിനുള്ള തെളിവുകളും ഹാജരാക്കി. അതിനും മറുപടിയില്ല. എന്‍എച്ച്എഐക്കു കൈമാറിയ റോഡിലെ കുഴിയും പിഡബ്ല്യുഡിക്ക് അടയ്ക്കാന്‍ പറ്റുമെന്ന് വ്യക്തമായിരിക്കുകയാണ്.’

‘‘പ്രതിപക്ഷം എന്തെങ്കിലും പറഞ്ഞാല്‍ അതിനെ പ്രതിപക്ഷ നേതാവിന് എതിരെ വ്യക്തിപരമായ വിമര്‍ശനമാക്കി മാറ്റുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? പരസ്പരവിരുദ്ധമായാണ് മന്ത്രി സംസാരിക്കുന്നത്. പ്രതിപക്ഷം ജനങ്ങള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്. റോഡിലെ കുഴിയടയ്ക്കുമോ എന്നാണ് മന്ത്രി പറയേണ്ടത്. നന്നായി ജോലി ചെയ്താല്‍ ഞാന്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിക്കും. എന്റെ 21 വര്‍ഷത്തെ പാര്‍ലമെന്ററി അനുഭവത്തിന് ഒരു വിലയുമില്ലെന്നാണ് മന്ത്രി പറയുന്നത്. അതെല്ലാം ജനങ്ങള്‍ വിലയിരുത്തട്ടെ. നമ്മളൊന്നും അങ്ങോട്ടുമിങ്ങോട്ടും മാര്‍ക്കിടേണ്ട ആവശ്യമില്ല.’ – സതീശൻ പറഞ്ഞു.

English Summary: VD Satheesan's Response To Minister PA Muhammad Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com