ADVERTISEMENT

കൊച്ചി∙ ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്നത് അശാസ്ത്രീയമാണെന്ന ആരോപണത്തിൽ ഹൈക്കോടതിക്ക് വിശദീകരണം നൽകിയിട്ടുണ്ടെന്ന് എറണാകുളം കലക്ടർ ഡോ. രേണു രാജ്. സബ് കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയശേഷമാണ് കോടതിയെ ഇക്കാര്യം ധരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള കുഴികൾ, അത് അടയ്ക്കാനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി എന്നിവയാണ് പരിശോധിച്ചതെന്നു കലക്ടർ വ്യക്തമാക്കി.

‘‘പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ ചെയ്ത കാര്യങ്ങളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും കോടതിയെ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തേണ്ട സമയമല്ല മഴക്കാലം എന്നിരിക്കെയാണ് അടിയന്തരമായി നടപടികൾ പുരോഗമിക്കുന്നത്. റോഡിന്റെ പ്രശ്നം പൊതുവായി മഴയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇടവേളയിൽ കൃത്യമായി ചെയ്തതു ശരിയാകാത്താതു കൊണ്ടാണ് ഇപ്പോൾ വീണ്ടും കുഴികളുടെ പ്രശ്നം വന്നിരിക്കുന്നതെന്നാണ് അനുമാനം.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലുണ്ടായ അപകടം വാർത്തയാകുകയും കോടതി ഇടപെടുകയും ചെയ്തു. റോഡിന്റെ കാര്യത്തിൽ എൻഎച്ച്ഐക്കും പിഡബ്ല്യുഡിക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ് ഉത്തരവാദിത്തം. കോടതി ഇടപെടുന്നതിനു മുൻപു തന്നെ കോർപ്പറേഷൻ ഉൾപ്പടെയുള്ള മൂന്നു സ്ഥാപനങ്ങളോടും പത്തു ദിവസത്തിനകം കുഴികൾ തിരിച്ചറിഞ്ഞ് റിപ്പയർ ചെയ്ത് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. രണ്ടു വശവും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

റോഡിന്റെ നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വീഴ്ച വരുത്തിയ ഏതെങ്കിലും കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ എറണാകുളത്തുനിന്നു നിർദേശങ്ങളൊന്നും പോയിട്ടില്ല. ഭരണനിർവഹണ തലത്തിൽ എടുക്കേണ്ട തീരുമാനമല്ല ഇത്. പഠിച്ചു മാത്രമേ തീരുമാനിക്കാനാവൂ. വിഷയത്തെക്കുറിച്ചു കൂടുതൽ പഠിച്ചു തീരുമാനം എടുക്കും. കോടതിയെ അറിയിച്ചിട്ടുള്ള വിവരങ്ങളിൽ തുടർന്നുള്ള നടപടികൾ കോടതിയിൽനിന്നുള്ള നിർദേശം അനുസരിച്ചായിരിക്കും’’ – കലക്ടർ വിശദീകരിച്ചു.

English Summary: Clarified To High Court About Filling Of Potholes In National Highway, Says Ernakulam Collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com