ADVERTISEMENT

തിരുവനന്തപുരം∙ തീരശോഷണത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെടുന്നതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ‘കേരളത്തിന്റെ സൈന്യം’ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിലേക്കെത്തിയത്. ‘പ്രളയമുണ്ടായപ്പോൾ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ ഞങ്ങളുണ്ടായിരുന്നു, ഞങ്ങളെ രക്ഷിക്കാൻ ആരുണ്ട്’– വേദനയോടെ മത്സ്യത്തൊഴിലാളികൾ ചോദിച്ചു.

തീരശോഷണത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട പലരും വർഷങ്ങളായി ക്യാംപുകളിലാണ്. പ്രായപൂർത്തിയായ പെൺകുട്ടികളുള്ള പല കുടുംബങ്ങളും ദുരിത പൂർണമായ ജീവിതമാണ് നയിക്കുന്നത്. പലതവണ നിവേദനം നൽകിയിട്ടും സർക്കാർ കണ്ണു തുറക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. വിഴിഞ്ഞം തുറമുഖ നിർമാണമാണ് തീരശോഷണത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം.

ഏറെ ദിവസമായി പ്രതിഷേധത്തിലായിരുന്ന മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്കു വള്ളങ്ങളുമായി എത്തുന്നുവെന്ന വിവരം ലഭിച്ചപ്പോൾ ഇന്നലെ രാത്രിയോടെ മോട്ടർ വാഹന വകുപ്പ് ഇടപെട്ടതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നായിരുന്നു നിർദേശം. എന്നാൽ, രാവിലെ തന്നെ തീരദേശത്ത് പ്രതിഷേധക്കാർ ഒത്തുകൂടി വള്ളങ്ങൾ വാഹനങ്ങളിൽ കയറ്റി. വിഴിഞ്ഞം, പൂന്തുറ, വലിയതുറ, കൊച്ചുവേളി, അഞ്ചുതെങ്ങ് അടക്കമുള്ള തീരപ്രദേശങ്ങളിൽനിന്ന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്കു നീങ്ങി. മറ്റു വാഹനങ്ങളിൽ സ്ത്രീകളടക്കമുള്ളവർ അനുഗമിച്ചു. നിരവധി ഇടവകകളിലെ വൈദികരും പ്രതിഷേധക്കാർക്ക് ഒപ്പമുണ്ടായിരുന്നു.

fishermen-protest-2
ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് സമരം. ചിത്രം: ആർ.എസ്.ഗോപൻ∙ മനോരമ

തീരദേശത്തുനിന്നുള്ള പ്രതിഷേധക്കാരെ ഈഞ്ചയ്ക്കലിലും ജനറൽ ആശുപത്രി ജംക്‌ഷലും അഞ്ചു തെങ്ങ് ഭാഗത്തുമെല്ലാം പൊലീസ് തടഞ്ഞു. വള്ളങ്ങൾ കയറ്റിയ വാഹനവുമായി സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. എന്തു വന്നാലും പോകുമെന്നു മത്സ്യത്തൊഴിലാളികളും പറഞ്ഞതോടെ വാക്കേറ്റമായി. ഏറെ നേരം പൊലീസ് മത്സ്യത്തൊഴിലാളികളെ തടഞ്ഞു. ഇതിനിടെ, വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ 11 മണിയോടെ മ്യൂസിയം ജംക്‌ഷനിലെത്തി. മത്സ്യത്തൊഴിലാളികളുമായി വാഹനങ്ങളും മ്യൂസിയം ഭാഗത്തേക്കു വന്നു തുടങ്ങി. ഒരു മണിയോടെ വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ പൊലീസ് സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോകാൻ അനുവദിച്ചു. നൂറുകണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി വാഹനങ്ങളെ അനുഗമിച്ചു.

പലരും തങ്ങളുടെ ദുരവസ്ഥ മാധ്യമങ്ങളോടു പറഞ്ഞ് പൊട്ടിക്കരഞ്ഞു. വലിയ തുറ സ്വദേശിയായ സാറ നാലു വർഷമായി വലിയതുറയിലെ ദുരിതാശ്വാസ ക്യാംപിലാണ്. കടലാക്രമണത്തിൽ വീടു തകർന്നു. മീൻ വിൽപ്പനയാണ് തൊഴിൽ. അതിൽനിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് വീടിന്റെ കുറച്ചു ഭാഗം ശരിയാക്കി. മുഴുവനും വൃത്തിയാക്കിയെടുക്കാൻ ഇനിയും സമയമെടുക്കും. പലർക്കും പരാതി നൽകിയിട്ടും വീടു നിർമാണത്തിനു സഹായം ലഭിച്ചില്ല. മകന്റെ പ്രായപൂർത്തിയായ പെൺമക്കൾക്കൊപ്പം ക്യാംപിലാണ് താമസം. ബന്ധുവായ സെല്‍വമേരിക്ക് ബിഎസ്എഫ് കേന്ദ്രത്തിനടുത്ത് നാലു വർഷം മുൻപ് ഫ്ലാറ്റ് ലഭിച്ചു. നിർമാണത്തിലെ അപാകത കാരണം ഫ്ലാറ്റ് ചോർന്നൊലിക്കുകയാണെന്ന് സെൽവമേരി പറയുന്നു. ഇവരുടെ സഹോദരനും ഭാര്യയും രണ്ടു വർഷമായി ക്യാംപിൽ താമസിക്കുകയാണ്.

fishermen-protest-1
ലത്തീൻ സഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് സമരം. ചിത്രം: ആർ.എസ്.ഗോപൻ∙ മനോരമ

ആത്മാർ‌ഥതയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോ പറഞ്ഞു. കണ്ണിൽ പൊടിയിടുന്ന തന്ത്രമാണ് സർക്കാരിന്റേത്. നിരവധി തവണ പരാതികൾ നൽകിയിട്ടും മന്ത്രിമാരെ ചർച്ചയ്ക്കു നിയോഗിച്ചില്ല. സമാധാനത്തോടെ പ്രതിഷേധിച്ചപ്പോൾ അധികാരികൾ കുതന്ത്രം ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാർ പരിഗണിച്ചില്ലെന്ന് മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം പറഞ്ഞു. സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Fisherman stage protest in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com