സര്‍ക്കാരിനെതിരെ കലിയിളകി കടലിന്റെ മക്കള്‍; ബോട്ടുകളുമായി സെക്രട്ടേറിയറ്റ് മാര്‍ച്ച്: സംഘര്‍ഷം

fishermen-strike-tvm-3
തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തിൽനിന്ന്. ചിത്രം. മനോരമ
SHARE

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷം. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്‌ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.

സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും സമര നേതാക്കൾ പറഞ്ഞു. വാഹനങ്ങൾ കടത്തി വിടാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രതിഷേധത്തിനിടയിലും വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ സമര കേന്ദ്രമായ മ്യൂസിയം ജംക്‌ഷനിലേക്കെത്തി. നിരവധി വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഏറെ നാളായി പ്രതിഷേധ സമരത്തിലാണ്. കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസം സർക്കാർ ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. പൊഴിയൂർ മുതൽ വർക്കല വരെയുള്ളവരും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലുള്ളവരും പട്ടിണിയിലാണെന്നു ലത്തീൻ അതിരൂപത പ്രതിനിധികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും മത്സ്യബന്ധനത്തിനുപോയ അഞ്ചു മത്സ്യത്തൊഴിലാളികൾ മരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം കാരണം പനത്തുറ മുതൽ വേളിവരെ കടൽത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകൾ നഷ്ടമായതായി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച്.പെരേര പറഞ്ഞു.

2018 മുതൽ മൂന്നൂറോളം കുടുംബങ്ങൾ ഫുഡ് കോർപറേഷന്റെ ക്യാംപിലും സ്കൂൾ വരാന്തയിലുമാണ്. ഭരണസിരാകേന്ദ്രത്തിൽനിന്ന് 6 കിലോമീറ്റർ അകലെയുള്ള ക്യാംപുകൾ സന്ദർശിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ലത്തീൻ അതിരൂപത പ്രതിനിധികൾ പറഞ്ഞു. തീര സംരക്ഷണ സമരത്തിനു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും.

English Summary : Fishermen strike with boats at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}