ADVERTISEMENT

ചെന്നൈ ∙ ചൈനയുടെ ചാരക്കപ്പൽ ‘യുവാൻ വാങ് –5’ കൊളംബോ തീരത്തേക്ക് അതിവേഗം അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ശ്രീലങ്കൻ സൈന്യത്തിന് ഡോണിയർ വിമാനം കൈമാറാനുള്ള നീക്കവുമായി ഇന്ത്യ. കൂടുതലും തദ്ദേശീയമായി നിർമിച്ച ഈ വിമാനം, ഈ മാസം പകുതിയോടെ ശ്രീലങ്കൻ സായുധ സൈന്യത്തിന്റെ പക്കലെത്തുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ചൈനീസ് ചാരക്കപ്പൽ ഹംബൻതോട്ട തുറമുഖത്തേക്കു വരരുതെന്ന് ശ്രീലങ്ക അഭ്യർഥിച്ചെങ്കിലും ചൈന തള്ളിയിരുന്നു. ഇതിനിടെയാണ് ശ്രീലങ്കൻ സായുധ സൈന്യത്തിന് ഡോണിയർ വിമാനം നൽകാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടു പോകുന്നത്.

വിമാനം കൈമാറുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ‘ടൈംസ് നൗ’ റിപ്പോർട്ട് ചെയ്തു. ഡോണിയർ–228 വിമാനങ്ങൾ കടലിലെ നിരീക്ഷണം, ദുരിത മുഖത്തെ രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്നത്. ശ്രീലങ്കൻ സൈന്യത്തിനും ഈ ആവശ്യങ്ങൾക്കുൾപ്പെടെ വിമാനം ഉപയോഗിക്കാം.

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിലേക്ക് വരുന്നതിനെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇന്ത്യ എതിർക്കുന്നത്. ലങ്കയിൽ ചൈനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഹംബൻതോട്ട തുറമുഖത്ത് ഇന്ധനം നിറയ്ക്കാനായി കപ്പൽ എത്തുന്നുവെന്നാണ് അറിയിപ്പ്. എന്നാൽ, രഹസ്യങ്ങൾ ചോർത്തിയേക്കുമെന്ന ആശങ്കയിൽ ഇതു വിലക്കണമെന്ന് ഇന്ത്യ ലങ്കയ്ക്കുമേൽ സമ്മർദം ചെലുത്തി. തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്നു ലങ്ക അഭ്യർഥിച്ചെങ്കിലും ചൈന തള്ളുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30ന് കപ്പൽ ഹംബൻതോട്ട തുറമുഖത്ത് എത്തിയേക്കുമെന്നാണ് വിവരം. 

അതേസമയം, കപ്പൽ അവിടെ നങ്കൂരമിട്ടുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇ‌ന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ ആശങ്ക. 750 കിലോമീറ്റർ ആകാശദൂരത്തുള്ള ഉപഗ്രഹ സിഗ്നലുകൾ അടക്കം ചോർത്താൻ കഴിയുമെന്നതിനാൽ കൽപാക്കം, കൂടംകുളം ആണവ നിലയങ്ങളും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രവും കപ്പലിന്റെ ചാര വലയത്തിനുള്ളിലാവും.\

English Summary: India to deliver Dornier reconnaissance aircraft to Sri Lankan military

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com