ആക്ടിങ് പ്രസിഡന്റായ ചീഫ് ജസ്റ്റിസ്: രാഷ്‌ട്രപതിക്കസേരയിലെ ഉപരാഷ്ട്രപതിമാർ

rashtrapathi-1248
രാഷ്ട്രപതി ഭവൻ (ഫയൽ ചിത്രം)
SHARE

ഇന്ത്യയുടെ 14 ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ വ്യാഴാഴ്ച അധികാരമേറ്റെടുക്കുകയാണ്. ചില ഉപരാഷ്ട്രപതിമാർക്ക് രാഷ്ട്രപതിമാരായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ചിലർ ആക്ടിങ് പ്രസിഡന്റുമാരും ആയി. ഇത്തരം അപൂർവ നിയോഗങ്ങൾ ലഭിച്ച ഉപരാഷ്ട്രപതിമാര്‍ ആരൊക്കെയെന്ന് അറിയാം

∙ ഇരട്ടപ്പദവിയിൽ 6 പേർ

ഇതുവരെയുള്ള 13 ഉപരാഷ്‌ട്രപതിമാരിൽ ഡോ. എസ്.രാധാകൃഷ്‌ണൻ (1962), ഡോ. സക്കീർ ഹുസൈൻ (1967), വി.വി.ഗിരി (1969), ആർ.വെങ്കിട്ടരാമൻ (1987), ഡോ. ശങ്കർ ദയാൽ ശർമ (1992), കെ.ആർ.നാരായണൻ (1997) എന്നിവർ തുടർന്ന് രാഷ്‌ട്രപതിമാരായി. ഏഴു പേർക്ക് ഇതിന് അവസരം ലഭിച്ചില്ല. ഇവരിൽ ഭൈറോൺസിങ് ശെഖാവത്ത് (2007) മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

1248-jagdeep-dhankhar-vice-president
ജഗ്ദീപ് ധൻകർ

∙ താൽക്കാലിക രാഷ്ട്രപതി

രാഷ്ട്രപതിയുടെ അഭാവത്തിലും അസാന്നിധ്യത്തിലും ഉപരാഷ്‌ട്രപതി രാഷ്ട്രപതിയുടെ ചുമതല വഹിച്ച അവസരങ്ങളുണ്ട്. രണ്ട് ഉപരാഷ്ട്രപതിമാരും ഒരിക്കൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാഷ്ട്രപതിയുടെ താൽക്കാലിക ചുമതല (ആക്ടിങ് പ്രസിഡന്റ്) വഹിച്ചിട്ടുണ്ട്. വിദേശയാത്രയോ രോഗമോ കാരണം രാഷ്ട്രപതിയുടെ അസാന്നിധ്യമുണ്ടായപ്പോൾ അദ്ദേഹത്തിന്റെ ചുമതല ഉപരാഷ്ട്രപതി നിർവഹിച്ച (ഒഫീഷ്യേറ്റിങ് പ്രസിഡന്റ്) അവസരങ്ങളുമുണ്ടായിട്ടുണ്ട്.

ആക്ടിങ് പ്രസിഡന്റ്

രാഷ്ട്രപതിമാരായ ഡോ. സക്കീർ ഹുസൈനും ഫക്രുദ്ദീൻ അലി അഹമ്മദും അന്തരിച്ചപ്പോൾ ഉപരാഷ്ട്രപതിമാരായ വി.വി. ഗിരിയും (1969 മേയ് 3 – ജൂലൈ 20) ബി.ഡി. ജെട്ടിയും (1977 ഫെബ്രുവരി 11 – ജൂലൈ 25) താൽക്കാലിക രാഷ്ട്രപതിമാരായി. പിന്നീട് (1979 - 84) ഉപരാഷ്ട്രപതിയായ മുഹമ്മദ് ഹിദായത്തുല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ 35 ദിവസം (1969 ജൂലൈ 20 - ഓഗസ്റ്റ് 24) ആക്ടിങ് പ്രസിഡന്റ് ആയിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനായി ആക്ടിങ് പ്രസിഡന്റ് വി.വി. ഗിരി ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ചതു കൊണ്ടാണിത്. ഈ സമയത്ത് ജെ.സി. ഷാ ആക്ടിങ് ചീഫ് ജസ്റ്റീസ് ആയിരുന്നു. വി.വി. ഗിരി രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത് ജസ്റ്റീസ് ഷായുടെ മുൻപാകെയാണ്.

ഒഫീഷ്യേറ്റിങ് പ്രസിഡന്റ്

വിദേശയാത്രയോ രോഗമോ കാരണം രാഷ്ട്രപതിമാരുടെ അസാന്നിധ്യമുണ്ടായപ്പോൾ ഉപരാഷ്ട്രപതിമാർ ചുമതല വഹിച്ച 6 അവസരങ്ങളെങ്കിലുമുണ്ടായിട്ടുണ്ട്.

∙ ഡോ. എസ്. രാധാകൃഷ്‌ണൻ (1960 ജൂൺ 20 – ജൂലൈ 5, 1961 ജൂലൈ 25 – ഡിസംബർ 19) :  രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് റഷ്യൻ പര്യടനത്തിലായിരിക്കുമ്പോഴും (1960) രോഗബാധിതനായി കഴിയുമ്പോഴും (1961).

∙ ഡോ. സക്കീർ ഹുസൈൻ (1964 ഫെബ്രുവരി  5 – 24, 1965 മാർച്ച് 16 – ഏപ്രിൽ 18) : രാഷ്ട്രപതി  ഡോ. എസ്. രാധാകൃഷ്‌ണൻ സ്വദേശത്തും (ന്യൂഡൽഹി, 1964) വിദേശത്തും (ലണ്ടൻ, 1965) നേത്രചികിത്സയിലായിരുന്നതിനാൽ.

∙ ബി.ഡി. ജെട്ടി (1977 സെപ്റ്റംബർ 4 – 24) : രാഷ്ട്രപതി എൻ. സഞ്ജീവ റെഡ്ഡി വിദേശത്ത് (ന്യൂയോർക്ക്) ശ്വാസകോശരോഗ ചികിത്സയിലായിരുന്നതിനാൽ.

∙ മുഹമ്മദ് ഹിദായത്തുല്ല (1982 ഒക്ടോബർ 6 – 31) : രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് വിദേശത്ത് (ന്യൂയോർക്ക്) ചികിത്സയിലായിരുന്നതിനാൽ.

kr-narayanan-4
കെ.ആർ.നാരായണൻ

നാലു സത്യപ്രതിജ്ഞകൾ ഒരുമിച്ച്

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനു മുമ്പാകെയാണ് രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്; ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയുടെ മുമ്പാകെയും. ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി സ്ഥാനം നിലവിൽ വന്നത് 1952ലാണ്. അന്നു മുതൽ നാലു തവണ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സത്യപ്രതിജ്ഞ ഒരേ ചടങ്ങിലാണ് നടന്നിരുന്നത്. 1952, 1957, 1962, 1967 വർഷങ്ങളിലെ മേയ് 13ന് ഇവ ഒരുമിച്ചു നടന്നു. രാഷ്‌ട്രപതി–ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾ രണ്ടു തവണ (1962 മേയ് 7, 1967 മേയ് 6) ഒരുമിച്ചാണ് നടന്നത് എന്നുള്ളതും ഒരു പ്രത്യേകതയാണ്. 

സക്കീർ ഹുസൈനും ജെട്ടിക്കും അപൂർവ നിയോഗം  

മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തത് (1977 മാർച്ച് 24) ആക്ടിങ് പ്രസിഡന്റ് ബി.ഡി. ജെട്ടിയാണ്. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിന്, രാഷ്ട്രപതിയുടെ ചുമതല വഹിച്ചപ്പോൾ ഉപരാഷ്ട്രപതിമാരായ ഡോ. സക്കീർ ഹുസൈനും (1964 ഫെബ്രുവരി 10) ബി.ഡി. ജെട്ടിയ്ക്കും (1977 മാർച്ച് 28) അവസരം ലഭിച്ചു. 

രാജ്യസഭയ്ക്ക് ചെയർമാനും ഡപ്യൂട്ടി ചെയർമാനും ഇല്ലാതിരുന്ന ഒരവസരത്തിൽ ഒരു അംഗത്തെ പ്രൊടേം ചെയർമാനായി നിയോഗിക്കുന്നതിനും ബി.ഡി. ജെട്ടിക്ക് അവസരം ലഭിച്ചു. രാജ്യസഭയുടെ ചരിത്രത്തിലെ ഏക പ്രൊടേം ചെയർമാനാണ് ഇപ്രകാരം നിയമിക്കപ്പെട്ട ബനാർസിദാസ് (1977 മാർച്ച് 24 – 30).  ചെയർമാനായ ബി.ഡി. ജെട്ടി ആക്ടിങ് പ്രസിഡന്റ് ആയിരുന്നതുകൊണ്ടും ഡപ്യൂട്ടി ചെയർമാൻ ഗോദേ മുരഹരി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവച്ചതുകൊണ്ടുമാണ് ഇതു വേണ്ടിവന്നത്. 

കേരളത്തിലെ മൂന്നാം പൊതുതിരഞ്ഞെടുപ്പിനു ശേഷം 1965 മാർച്ച് 17ന് രൂപീകരിച്ച നിയമസഭ, അംഗങ്ങളുടെ സത്യപ്രതിജ്‌ഞ നടത്താതെ 24ന് പിരിച്ചുവിട്ട് വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതെവന്നതാണ് കാരണം. ഇതിനുള്ള വിളംബരം പുറപ്പെടുവിച്ചത് അന്ന് രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഉപരാഷ്ട്രപതി (ഒഫീഷ്യേറ്റിങ് പ്രസിഡന്റ്) ഡോ. സക്കീർ ഹുസൈൻ ആണ്. ബി.ഡി. ജെട്ടി 1977 ഏപ്രിൽ 30ന് 9 സംസ്ഥാന നിയമസഭകൾ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 

അപൂർവതകളുടെ 1969

1969 ഓഗസ്റ്റ് 24ന് സുപ്രീം കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജെ.സി. ഷായുടെ മുമ്പാകെയാണ് വി.വി. ഗിരി രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്ന് ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുല്ല ആക്ടിങ് പ്രസിഡന്റ് ആയിരുന്നതാണ് കാരണം. രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനായി ആക്ടിങ് പ്രസിഡന്റ് ഗിരി ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് മുഹമ്മദ് ഹിദായത്തുല്ല ജൂലൈ 20ന് ആക്ടിങ് പ്രസിഡന്റ് ആയത്. സുപ്രീം കോടതിയിലെ സീനിയർ ജഡ്ജി ജസ്റ്റിസ് ജെ.സി. ഷായാണ് ഹിദായത്തുല്ലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടൊപ്പം ജെ.സി. ഷാ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി. അദ്ദേഹം പിന്നീട് 36 ദിവസം (1970 ഡിസംബർ 17 – 1971 ജനുവരി 21) ചീഫ് ജസ്റ്റിസ് ആയതും ചരിത്രം.

രാഷ്‌ട്രപതി ഡോ. സക്കീർ ഹുസൈൻ മേയ് 3ന് നിര്യാതനായതിനെ തുടർന്ന് ഉപരാഷ്‌ട്രപതി വി.വി.ഗിരി ആക്ടിങ് പ്രസിഡന്റ് ആയി ചീഫ് ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുല്ല മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആക്ടിങ് പ്രസിഡന്‍റും ആക്ടിങ് ചീഫ് ജസ്റ്റിസും അധികാരസ്ഥാനത്തിരിക്കുകയും ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞുകിടക്കുകയും ചെയ്ത സ്ഥിതി വിശേഷം രാജ്യത്ത് ഏക സംഭവമാണ്. 

English Summary: List of vice Presidents those who became President in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA