കൊച്ചിയിൽ റസ്റ്ററന്റിൽ അപരിചിതർ തമ്മിൽ തർക്കം, മദ്യക്കുപ്പി പൊട്ടിച്ച് കുത്തി; ഒരു മരണം

Mail This Article
കൊച്ചി ∙ എറണാകുളം ടൗൺ ഹാളിനു സമീപത്തെ റസ്റ്ററന്റിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. ബുധനാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. കൊല്ലം സ്വദേശി എഡിസനാണ് കൊല്ലപ്പെട്ടത്. കുത്തിയെന്നു കരുതുന്ന എറണാകുളം മുളവുകാട് സ്വദേശി സുരേഷിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇരുവരും അപരിചിതരാണെന്നു പറയുന്നു.
റസ്റ്ററന്റിൽ ഉണ്ടായ തർക്കത്തിനിടെ, ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസനെ രണ്ടാമൻ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കുത്തിയയാൾ സംഭവശേഷം രക്ഷപ്പെട്ടു.
ഇയാൾ താമസിച്ചിരുന്നതെന്നു പറയുന്ന ലോഡ്ജിൽ എത്തി ബാഗുമെടുത്താണ് സ്ഥലം വിട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം, ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ കുത്തിയെന്നു കരുതുന്നയാളുടെ ഐഡി കാർഡ് ലഭിച്ചു. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷ് എന്നാണ് അതിൽനിന്നു ലഭിച്ച വിലാസം. ഇയാൾക്കായി പൊലീസ് നഗരത്തിൽ അന്വേഷണം ഊർജിതമാക്കി.
കുത്തേറ്റ എഡിസൻ അര മണിക്കൂറോളം സംഭവസ്ഥലത്തു കിടന്നു. പൊലീസ് എത്തിയാണ് എഡിസനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചു.
English Summary: Man Stabbed To Death In A Restaurent At Kochi