വിവാദ വ്യവസായി ഷൈബിനെ സഹായിച്ച ‘പൊലീസ് ബുദ്ധി’ സുന്ദരൻ കീഴടങ്ങി

Mail This Article
നിലമ്പൂർ ∙ മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ നിലമ്പൂരിലെ വീട്ടിൽ മാസങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷറഫിന്റെ സഹായി റിട്ടയേർഡ് എസ്ഐ സുന്ദരൻ സുകുമാരൻ കോടതിയിൽ കീഴടങ്ങി. മുട്ടം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയിരിക്കുന്നത്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഷൈബിൻ അഷറഫിന്റെ ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതി തള്ളിയിട്ടുണ്ട്.
സുന്ദരനെ റിമാൻഡ് ചെയ്ത മുട്ടം കോടതി, നിലമ്പൂർ കോടതിയിൽ ഹാജരാക്കാനായി മുട്ടം പോലീസിന് കൈമാറി. മുട്ടം പൊലീസ് ഉടനെ നിലമ്പൂരിലേക്കു തിരിക്കും. ഷൈബിന്റെ എല്ലാ ഇടപാടുകളിലും സഹായിയും നിയമോപദേശകനുമായിരുന്നു സുന്ദരൻ എന്നാണ് കേസിൽ അറസ്റ്റിലായ മറ്റു പ്രതികൾ നൽകുന്ന വിവരം.
തെളിവുകൾ നശിപ്പിക്കാനുൾപ്പെടെ മുഖ്യ പ്രതിയെ സഹായിച്ച പൊലീസ് ബുദ്ധി സുന്ദരന്റേതാണെന്നു തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചത്. ഷൈബിൻ അറസ്റ്റിലായതോടെ ഒളിവിൽ പോയ സുന്ദരൻ, ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സുന്ദരൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണങ്ങളെല്ലാം വഴിമുട്ടി. മൂന്നു മാസമായി പെൻഷൻ പോലും അക്കൗണ്ടിൽനിന്നും പിൻവലിച്ചിരുന്നില്ല. സുന്ദരനെ അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്ന് മംഗലാപുരത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് മുട്ടം കോടതിയിൽ കീഴടങ്ങിയതായി അറിയുന്നത്.

മംഗലാപുരത്ത് ഇയാളുടെ മകൻ ജോലി ചെയ്യുന്നുണ്ടെന്നും മകനുമായി അടുപ്പം സൂക്ഷീക്കുന്നുണ്ട് എന്നും അറിഞ്ഞാണ് പൊലീസ് അവിടെയെത്തിയത്. എന്നാൽ ഇന്നലെ മകൻ ഇവിടുത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കെന്നു പറഞ്ഞു മടങ്ങിയതായി പരിസരവാസികൾ അറിയിക്കുകയായിരുന്നു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായ കീഴടങ്ങൽ.
ഷൈബിന്റെ വിദേശത്തുള്ള ബിസിനസിൽ ജീവനക്കാരുടെ മേൽനോട്ടം വഹിച്ചിരുന്നത് മുൻപ് എസ്ഐ ആയിരുന്ന സുന്ദരനായിരുന്നു. ഇയാൾ ലീവെടുത്തു വിദേശത്തു പോയി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് റിട്ടയർ ആകുന്നതിനു മുൻപു ജോലിയിൽ തിരികെ പ്രവേശിച്ച് കാലാവധി പൂർത്തിയാക്കി. അതിനുശേഷം വീണ്ടും വിദേശത്ത് ഷൈബിന്റെ സഹായിയായി കൂടി. ജോലിയെന്നായിരുന്നു പേരെങ്കിലും അവിടെ ഷൈബിനു വേണ്ടി ഗുണ്ടാപ്പണികൾക്കു നേതൃത്വം നൽകിയത് സുന്ദരനാണ് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
അതിനിടെ, നാട്ടു വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അഷറഫ് റിമാൻഡിലായി 88–ാം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചത് പ്രതിക്കു തിരിച്ചടിയായി. അറസ്റ്റു ചെയ്താലും 15 ദിവസത്തിനകം പുറത്തു വരുമെന്നു വെല്ലുവിളിച്ചു ജയിലിലേക്കു പോയ ഷൈബിന്, അന്വേഷണ സംഘം വിദഗ്ധമായി കുറ്റകൃത്യങ്ങളുടെ ചുരുളുകൾ അഴിച്ചതാണ് തിരിച്ചടിയായത്. അന്വേഷണ സംഘം കൃത്യസമയത്തു തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലമ്പൂർ പൊലീസ് സമർപ്പിച്ചത്. പ്രതിപ്പട്ടികയിലുള്ള രണ്ടു പേരാണ് ഇനിയും പിടിയിലാകാനുള്ളത്.
English Summary: Nilambur Murder Case - Follow up