സൗഹൃദം ഉലഞ്ഞു, ആരുമില്ലാത്ത വീട്ടിലെത്തി കൊന്നു; സൂര്യയുടെ ഫോണുമായി സ്റ്റേഷനില്‍

Mail This Article
പാലക്കാട്∙ ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡിവൈഎഫ്ഐ പ്രവർത്തക സൂര്യപ്രിയ (24)യെ കൊലപ്പെടുത്തിയത് മുത്തച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്തപ്പോൾ. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരൻ രാധാകൃഷ്ണനുമാണ് ഇവിടെ താമസിച്ചിരുന്നത്. അമ്മ ഗീത ജോലിയ്ക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായ കുടിക്കാനായി വീട്ടിൽനിന്നും പുറത്തു പോയ സമയത്താണ് അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) വീട്ടിലെത്തി സൂര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
സൂര്യ മരിച്ചെന്ന് ഉറപ്പായ ശേഷം സൂര്യയുടെ െമാബൈൽ ഫോണുമായി പ്രതി നേരിട്ട് പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. പൊലീസുകാർ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും െകാലപാതകം അറിയുന്നത്. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നും അതിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary : Palakkad DYFI worker Surya Priya Murder updates