ADVERTISEMENT

കൊച്ചി∙ ഹൈക്കോടതി ഇടപെട്ടതോടെ, റോഡുകളിലെ കുഴികൾ സംബന്ധിച്ച ഉത്തരവാദിത്തം കലക്ടർമാരിലേക്കും നീളുകയാണ്. പൊതുമരാമത്ത്, തദ്ദേശ, ദേശീയപാത റോഡുകൾ എന്ന വേർതിരിവുകൾ ഇല്ലാതെ തന്നെ തങ്ങളുടെ അധികാരപരിധിയിലെ റോഡുകളിൽ അപകടമുണ്ടാകാതിരിക്കാൻ സജീവമായ നടപടികൾ സംസ്ഥാനത്തെ 14 കലക്ടർമാരും സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. ഇതിനു പിറ്റേന്നുതന്നെ കോടതി അവധി ദിനമാണെങ്കിലും രണ്ടു കലക്ടർമാർക്കു നിർദേശവും അദ്ദേഹം നൽകി.

അങ്കമാലി - മണ്ണൂത്തി ദേശീയ‌പാതയിൽ അശാസ്ത്രീയമായിട്ടാണു കുഴികൾ മൂടുന്നതെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ, സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാനാണു തൃശൂർ, എറണാകുളം കലക്ടർമാർക്കു ഹൈക്കോടതി അടിയന്തര നിർദേശം നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ കെ.വി.മനോജ്കുമാർ വഴി നിർദേശം ജില്ലാ കലക്ടർമാർക്കു നൽകുകയായിരുന്നു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർമാർക്ക് ഉത്തരവാദിത്തമുണ്ടെന്നു തിങ്കളാഴ്ച ഹർജികൾ പരിഗണിക്കവെ, ദുരന്ത നിവാരണ നിയമത്തിന്റെ വ്യവസ്ഥ എടുത്തു പറഞ്ഞു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ റോഡുകൾ കുരുതിക്കളങ്ങളാകാൻ അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തലവൻമാരായ കലക്ടർമാർ വെറും കാഴ്ചക്കാർ ആകരുതെന്നും പറഞ്ഞു. 12നു പരിഗണിക്കാനിരുന്ന ഹർജികൾ നെടുമ്പാശേരി അത്താണിയിൽ ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു.

കലക്ടർമാർക്ക് വിമർശനം

കലക്ടർമാർ എന്തു ചെയ്യുകയാണെന്നായിരുന്നു കോടതിയുടെ ചോദ്യം. അവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടേ? അവർ ദുരന്തങ്ങൾ ഒഴിവാക്കേണ്ടേയെന്നു ചോദിച്ച ഹൈക്കോടതി പൊതുമരാമത്ത്, തദ്ദേശഭരണ, എൻഎച്ച് റോഡുകൾ ഏതുമാകട്ടെ, അവരരുടെ അധികാര പരിധിക്കുള്ളിലുള്ള റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നില്ലെന്നു  കലക്ടർമാർ ഉറപ്പാക്കണമെന്നു ഉത്തരവിട്ടു. 

മോട്ടർവാഹന നിയമപ്രകാരം ഒരു ലക്ഷം രൂപയുടെ പിഴ ഈടാക്കാം. പൊതു നിയമത്തിലും വ്യവസ്ഥയുണ്ട്. കലക്ടറാണ് ഇതെല്ലാം നോക്കുന്നത്. മരിച്ചു കഴിയുമ്പോഴാണോ നടപടിയെടുക്കുന്നത്? എല്ലാ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടായിട്ടും ദുരന്തങ്ങൾ ആവർത്തിക്കുകയാണ്.

ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കാൻ കലക്ടർമാർക്ക് അധികാരം നൽകുന്ന വിശിഷ്ടമായ നിയമമാണു ദുരന്തനിവാരണ നിയമം 2005. ദുരന്തം എന്നതിനു മനുഷ്യ നിർമിതമായ കാരണങ്ങളാൽ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ എന്നും നിയമത്തിൽ നിർവചനത്തിലുണ്ട്. റോഡിൽ കുഴികൾ ഉണ്ടാകാൻ അനുവദിക്കുന്നതു മനുഷ്യനിർമിത കാരണമാണ്. ഇതിനു കാരണം എൻജിനീയർമാർ, കരാറുകാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള അധികൃതരുടെ അനാസ്ഥയാണ്. അപകടം ഒഴിവാക്കാൻ നടപടിയെടുക്കുന്നതാണു ദുരന്ത നിവാരണ നിയമത്തിന്റെ കാതൽ. എന്നാൽ ദുരന്തമുണ്ടായിട്ടു വിജ്ഞാപനമോ ഉത്തരവോ ഇറക്കുന്ന ജില്ലാ ദുരുന്തനിവരാണ യൂണിറ്റിനെ മാത്രമാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഈ കേസിലും സ്ഥിതി വ്യത്യാസമല്ല. എറണാകുളം കലക്ടർ ഇപ്പോൾ ഉത്തരവിട്ടെന്നു ഗവൺ‍മെന്റ് പ്ലീഡർ അറിയിച്ചു. അപകടം നടന്നശേഷം ഉത്തരവിട്ടിട്ട് എന്തു കാര്യമെന്നു കോടതി ചോദിച്ചു.

അപകടമുണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളിൽ കലക്ടർക്ക് ശ്രദ്ധ വേണ്ടേയെന്നു കോടതി വാക്കാൽ ചോദിച്ചു. സംഭവിക്കാൻ ഒരുങ്ങുന്ന ദുരന്തത്തെക്കുറിച്ച് ബോധം വേണ്ടേ? റോഡിലെ കുഴി ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന ഒന്നല്ലേ? കലക്ടർ ഇതെല്ലാം കാണുന്നുണ്ടെങ്കിൽ ഇതെങ്ങനെ സംഭവിച്ചു. എങ്ങനെയാണ് ഈ നിർഭാഗ്യവാൻ മരിച്ചത്. ആര് ഈ കുടുംബത്തിന് അത്താണിയാകും? ദേശീയപാത അതോറിറ്റിയെയും കോടതി കുറ്റപ്പെടുത്തി. രാജ്യത്ത് എല്ലായിടത്തും മഴപെയ്യുന്നുണ്ട്. അതിനാൽ മഴയെക്കുറ്റം പറയരുത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികളിൽ ദേശീയപാത അതോറിറ്റിയെ കക്ഷി ചേർത്തിരുന്നില്ല. ദേശീയപാത ഇത്തരത്തിൽ മോശമാകുമെന്നു കരുതിയില്ല. കൊടുങ്ങല്ലൂർ ബൈ പാസിന്റെ സ്ഥിതിയും കോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച യാത്ര ചെയ്തപ്പോൾ ചെളി ട്രാക്കുപോലെയാണു തോന്നിയത്. റോഡ് അപകടത്തിലാണെന്നും പതുക്കെ പോകണമെന്നുമുള്ള ഒറ്റ മുന്നറിയിപ്പ് ബോർഡും ഇവിടെ കണ്ടില്ല. 20 കിലോമീറ്റർ കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാനാവില്ല. 20–30 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾ നിശ്ചയമായും അപകടത്തിൽപ്പെടുമെന്നും കോടതി പറഞ്ഞു. നാലുവരി ദേശീയപാതയിൽ വേഗപരിധി 90 കിലോമീറ്ററാണ്. കുഴികൾ കാരണം,  അതീവ അപകടകരമായ സാഹചര്യമാണു നേരിടുന്നതെന്നു കോടതി പറഞ്ഞു.

നിയമങ്ങൾ ഏറെയുണ്ട്

മോട്ടർ വാഹന നിയമത്തിൽ ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തെക്കുറിച്ചു പറയുന്നുണ്ടെന്നു കോടതി പറഞ്ഞു. ദേശീയപാത നിയമത്തിലും (എൻഎച്ച്എ) വ്യവസ്ഥയുണ്ട്. ദേശീയപാതയിൽ അറ്റക്കുറ്റപ്പണിയുടെ ചുമതലയുള്ളവർക്കെതിരെയും ശിക്ഷാനടപടിയെടുക്കാനുള്ള വ്യവസ്ഥ എൻഎച്ച്എയിൽ ഉണ്ട്. ദേശീയപാത ശരിയായ രീതിയിൽ പരിപാലിക്കാതിരിക്കുക, സുരക്ഷിതമാക്കാതിരിക്കുക, ദേശീയപാതയ്ക്കു ദോഷം വരുത്തുക തുടങ്ങിയവയുണ്ടായാൽ കേന്ദ്രസർക്കാരുമായി കരാറിൽ ഏർപ്പെട്ടവർക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കാം. മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥ ദേശീയപാത, പൊതുമരാമത്ത്, തദ്ദേശഭരണ വകുപ്പ് റോഡുകൾക്കെല്ലാം ബാധകമാണെന്നു കോടതി പറഞ്ഞു.

English Summary: Potholes on road: Kerala high court slams district collectors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com