ADVERTISEMENT

തിരുവനന്തപുരം ∙ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ മനോരമയെ പട്ടാപ്പകൽ കൊലപ്പെടുത്തി മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളിയ സംഭവത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച് ശംഖുമുഖം എസിപി ഡി.കെ.പൃഥ്വിരാജ്. കൊലപാതക വിവരമറിഞ്ഞ സ്ഥലത്തെത്തിയ എസിപിയാണ് കിണറ്റിൽനിന്ന് മൃതദേഹം പുറത്തെടുക്കാനും മോർച്ചറിയിലേക്ക് അയയ്ക്കാനുമെല്ലാം നേതൃത്വം നൽകിയത്. എന്നിട്ടും തന്റെ പഴയ സഹപ്രവർത്തകയായ മനോരമയെ തിരിച്ചറിയാനായില്ലെന്ന സങ്കടമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പങ്കുവച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി ആദം അലി (21) ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പിടിയിലായിരുന്നു. കൊലപാതകത്തിനുശേഷം ഇയാൾ ട്രെയിനിൽ കടന്നുകളയാൻ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് എല്ലാ സ്റ്റേഷനുകളിലേക്കും ആദമിന്റെ ചിത്രം സഹിതം സന്ദേശം കൈമാറി നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽനിന്ന് പിടിയിലായത്.

എസിപിയുടെ കുറിപ്പിന്റെ പൂർണരൂപം

കേശവദാസപുരത്തിനു സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം എസിപി ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷന്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.

രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽനിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ചു കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റിവിടാനുമൊക്കെ മുൻകയ്യെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല, സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധർമ്മിണിയുടെതായിരുന്നുവെന്ന്.

എസ്ഐ ആകുന്നതിനു മുൻപ് ആറു വർഷം കോളജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫിസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും. 2003ൽ ഡിസി ഓഫിസിൽ നിന്നു പൊലീസിൽ വന്നതിനുശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല.

ഒരേ ഓഫിസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല? കാലമേൽപ്പിച്ച ഓർമ്മക്ഷതങ്ങളാണോ... നിർവഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവികാരത കൊണ്ടാണോ... ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യമായതു കൊണ്ടാണോ...

മനഃപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്മകൾ അപരിഹാരമായ തെറ്റ് തന്നെയാണ്. മനോരമ ചേച്ചിയുടെ ആത്മാവിനോടു നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ. മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്. അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചിരുന്നു. ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ അശ്രു പൂക്കളർപ്പിക്കുന്നു.

English Summary: Shankumukham ACP DK Prithviraj's FB post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com