ചെന്നൈ∙ നഗരമധ്യത്തില്‍ ഗുണ്ടാ നേതാവിനെ അച്ഛനും മകനും ഉള്‍പ്പെട്ട സംഘം ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോയമ്പേട് ചന്തയ്ക്ക് അരികില്‍വച്ചു നേർക്കുണ്ട്രം സ്വദേശി രാജ്‌കുമാറിനെ(29)യാണ് ആളുകള്‍ നോക്കിനിൽക്കെ ചൊവ്വാഴ്‍ച രാത്രി ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്. മൊത്ത വ്യാപാര കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റിനു പുറകില്‍ രാത്രി പത്തരയോടയാണു കൊലപാതകം നടന്നത്. നേർക്കുണ്ട്രം അഗത്തിയാര്‍ നഗര്‍ സ്വദേശി രാജ്കുമാര്‍ വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. മൂന്നു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം മന്ദവേലി റോഡില്‍ വച്ച് രാജ്കുമാറിനെ തടഞ്ഞു നിര്‍ത്തി. വടിവാളും കത്തികളുമായി ആക്രമിച്ചു.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രാജ്കുമാറിനെ പിന്തുടര്‍ന്നു വെട്ടിവീഴ്ത്തുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതനുസരിച്ചു സ്ഥലത്ത് എത്തിയ കോയമ്പേട് പൊലീസ് രാജ്കുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് 5പേര്‍ അറസ്റ്റിലായി. കഴിഞ്ഞ കൊല്ലം ഷണ്‍മുഖം എന്നയാളെ രാജ്കുമാറും സംഘവുംവെട്ടിക്കൊന്നിരുന്നു. ഈകേസില്‍ അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. കൊല്ലപ്പെട്ട ഷണ്‍മുഖത്തിന്റെ സുഹൃത്തായ ലാല്‍പ്രകാശ്, രാഹുല്‍, സുന്ദര്‍, കുമാര്‍, നാഗരാജ് എന്നിവര്‍ അറസ്റ്റിലായി. ലാല്‍പ്രകാശിന്റെ അച്ഛനാണു സുന്ദര്‍.
English Summary: Five arrested for murder in Nerkundram