ADVERTISEMENT

കൊച്ചി ∙ കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹൈക്കോടതിയെ സമീപിച്ച മുൻ മന്ത്രി തോമസ് ഐസക്കിന് സാവകാശവും ആശ്വാസവും. അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, തോമസ് ഐസക് നൽകിയ ഹർജി അന്നു പരിഗണിക്കാൻ മാറ്റി. തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകി. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം.

പ്രാഥമിക ഘട്ടത്തിൽ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാനും ജസ്റ്റിസ് വി.ജി.അരുൺ‍ ഇഡിക്ക് നിർദേശം നൽകി. രണ്ടാമത്തെ സമൻസിൽ തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശിച്ചിരുന്നതായി തോമസ് ഐസക് ഹർജിയിൽ അറിയിച്ചിരുന്നു. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നൽകി വിളിപ്പിച്ചതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. അദ്ദേഹം സാക്ഷിയാണ്. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു.

അന്വേഷണത്തന്റെ ഭാഗമായി സമൻസ് അയയ്ക്കുന്നതിനോട് എതിരല്ലെന്നു വ്യക്തമാക്കിയ കോടതി, കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഒരാൾ പ്രതിയാകണം എന്നില്ലല്ലോ എന്നു തോമസ് ഐസക്കിനോടു ചോദിച്ചു. സംശയകരമായി തോന്നിയാൽ ചോദ്യം ചെയ്തു കൂടേ, ഇങ്ങനെ ഒരു സാഹചര്യത്തിൽ സെക്ഷൻ 37(1) പ്രകാരം നടപടി സ്വീകരിച്ചു കൂടേ എന്നും കോടതി ആരാഞ്ഞു.

തന്റെ സാമ്പത്തിക ഇടപാടുകൾ സുതാരമാണെന്നു വ്യക്തമാക്കിയ തോമസ് ഐസക്ക്, ചെയ്ത കുറ്റം എന്താണെന്നു ഇഡി വ്യക്തമാക്കിയിട്ടില്ല എന്ന നിലപാടാണു കോടതിയിൽ സ്വീകരിച്ചത്. കിഫ്ബിയുടെ മുൻ ചുമതലക്കാരൻ എന്ന നിലയിൽ തന്നെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു. മുൻ മന്ത്രിയെ പ്രതിയായല്ല ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ഇഡി വിശദീകരിച്ചു. വിവരങ്ങൾ തേടുകയാണ് ഉദ്ദേശ്യം എന്നും വ്യക്തമാക്കി. വിവരങ്ങൾ തേടുന്നതിൽ തെറ്റില്ലെന്നും സ്വകാര്യത മാനിക്കണമെന്നും ഇഡിയോടു കോടതി വ്യക്തമാക്കി.

ഇന്ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു തോമസ് ഐസക്കിന് ഇഡി നോട്ടിസ് അയച്ചിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്. എന്നാൽ, താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാതെ ഹാജരാകില്ലെന്ന് തോമസ് ഐസക്ക് ഇഡിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ഇത് രണ്ടാം തവണയാണ് ഇഡി നോട്ടിസ് നൽകിയിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. ഇതിനു മുൻപ് ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

English Summary: High Court on ED notice to Thomas Issac in KIIFB Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com