ADVERTISEMENT

കർക്കിടക മാസത്തിൽ കുട്ടി ദൈവങ്ങൾ ഉത്തരമലബാറിൽ ചെമ്പട്ട് ഉടയാടകളണിഞ്ഞ് ആടിയും വേടനുമായി വീടുകളിൽ ഐശ്വര്യം പകരാൻ എത്തുന്ന ദിനങ്ങളാണ്. മണികിലുക്കവും ചെണ്ടയുടെ ഉച്ചയും ദൂരെ നിന്നു കേട്ടു തുടങ്ങയാൽ പിന്നെ പൂമുഖത്ത് നിലവിളക്ക് കൊളുത്തി വിശ്വാസികൾ ആടിവേടനെ കാത്തിരിക്കും. 

കർക്കടകത്തിൽ ആധിയും വ്യാധിയും അകറ്റാൻ വീടുകളിൽ സന്ദർശനം നടത്തുന്ന ആടിവേടൻ കണ്ണൂർ പയ്യാമ്പലത്ത് എത്തിയപ്പോൾ. (ചിത്രം: ഹരിലാൽ ∙ മനോരമ)
കർക്കടകത്തിൽ ആധിയും വ്യാധിയും അകറ്റാൻ വീടുകളിൽ സന്ദർശനം നടത്തുന്ന ആടിവേടൻ കണ്ണൂർ പയ്യാമ്പലത്ത് എത്തിയപ്പോൾ. (ചിത്രം: ഹരിലാൽ ∙ മനോരമ)

ആടിവേടൻ എന്ന് ഒന്നിച്ചു പറയാറുണ്ടെങ്കിലും ആടിയും വേടനും വ്യത്യസ്തരാണ്. ആടി എന്നു പറയുന്നത് പാർവതീ ദേവിയും വേടൻ എന്നു പറയുന്നത് പരമശിവനും ആണ്. വനവാസകാലത്ത് തപസ്സ് അനുഷ്ഠിച്ച അർജുനന്റെ തപസിനെ പരീക്ഷിക്കാൻ ശിവൻ വേടനായും പാർവതി ദേവി വേടത്തിയായും കാട്ടിലെത്തി. ഇതേ സമയത്താണ് മൂകൻ എന്ന അസുരൻ കാട്ടുപന്നിയുടെ രൂപത്തിൽ അർജുനനെ ആക്രമിക്കാൻ ശ്രമിക്കുന്നത്. പരമശിവനും അർജുനനും ഒരേ സമയം അമ്പെയ്തു. 

കർക്കടകത്തിൽ ആധിയും വ്യാധിയും അകറ്റാൻ വീടുകളിൽ സന്ദർശനം നടത്തുന്ന ആടിവേടൻ കണ്ണൂർ പയ്യാമ്പലത്ത് എത്തിയപ്പോൾ. (ചിത്രം: ഹരിലാൽ ∙ മനോരമ)
കർക്കടകത്തിൽ ആധിയും വ്യാധിയും അകറ്റാൻ വീടുകളിൽ സന്ദർശനം നടത്തുന്ന ആടിവേടൻ കണ്ണൂർ പയ്യാമ്പലത്ത് എത്തിയപ്പോൾ. (ചിത്രം: ഹരിലാൽ ∙ മനോരമ)

ബാണമേറ്റ് കാട്ടുപന്നി വീഴുകയും മൂകൻ മരിച്ച് അസുരരൂപത്തിലാകുകയും ചെയ്യുന്നു. ഇതേ തുടർന്ന് ശിവനും അർജുനനും അവകാശ തർക്കമാകുകയും പോരടിക്കുകയും ചെയ്തു. പക്ഷേ എത്ര ശ്രമിച്ചിട്ടും വീരനായ അർജുനനു വേടനെ തോൽപ്പിക്കാൻ സാധിച്ചില്ല. ഉടുവിൽ അർജുനൻ അവിടെയുണ്ടായിരുന്ന ശിവലിംഗത്തിൽ പുഷ്പാർച്ചന നടത്തി പ്രാർഥിക്കാൻ തുടങ്ങി. ശിവലിംഗത്തിൽ അർപ്പിക്കുന്ന പൂക്കൾ വേടന്റെ കാൽക്കൽ വീഴുകയും അർജുനനു തന്റെ മുൻപിൽ നിൽക്കുന്നത് സാക്ഷാൽ പരമേശ്വരൻ ആണെന്ന് മനസ്സിലാവുകയും അദ്ധേഹത്തോട് ക്ഷമയാചിക്കുകയും ചെയ്യുന്നു. അർജുനനിൽ സംപ്രീതനായ ഭഗവാൻ പാശുപതാസ്ത്രം നൽകി അർജുനനെ അനുഗ്രഹിക്കുന്നു. 

ഇങ്ങനെ അവതരിച്ച ശിവനും പാർവ്വതിയുമാണ് ആടിയും വേടനുമായി ദുരിതമകറ്റാൻ എഴുന്നള്ളുന്നത്. രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരാണ് കോലം ധരിക്കുന്നത്. ആടിയായി വണ്ണാൻ സമുദായത്തിലെ കൊച്ചു കുട്ടികളും വേടനായി മലയ സമുദായത്തിലെ കൊച്ചു കുട്ടികളും കോലം ധരിക്കുന്നു. ഒറ്റ ചെണ്ട കൊട്ടി ഐതിഹ്യം പാടുമ്പോൾ ചെണ്ടയുടെ താളത്തിനൊത്ത് വേടൻ മുന്നോട്ടും പിന്നോട്ടും കലാശം വയ്ക്കുകയും പിച്ചള കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസി തെക്ക് ദിശയിലേക്ക് ഉഴിഞ്ഞ് മറിക്കുകയും ചെയ്യുന്നു. 

കറുത്ത ഗുരുസി എന്നു പറയുന്നത് വെള്ളത്തിൽ കരിക്കട്ട ചാലിച്ചതും ചുവന്ന ഗുരുസി എന്ന് പറയുന്നത് മഞ്ഞളും നൂറും യോജിപ്പിച്ച് വെള്ളത്തിൽ ചാലിച്ചതും ആണ്. ഈ ഗുരുസി മറിക്കുന്നതോടു കൂടി വീടും പരിസരവും ‘ചേട്ട’ യെ അകറ്റി പരിശുദ്ധമായി മാറുന്നു എന്നാണ് വടക്കന്റെ വിശ്വാസം. നിറപറയും നിലവിളക്കും കൂടാതെ അരി, ധാന്യങ്ങൾ, പച്ചക്കറി  തുടങ്ങിയ സാധനങ്ങൾ ഉമ്മറത്ത് വച്ചാണു വീടുകളിൽ ആടിവേടന്മാരെ വരവേൽക്കുന്നത്.

English Summary: Karkidaka Aadivedan Theyyam - Photo Feature

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com