കായംകുളം ∙ കുഴികൾ നിറഞ്ഞ കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വലിയ തോതിൽ ചർച്ചയാകുന്നതിനിടെ, കായംകുളം ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐയ്ക്ക് പരുക്ക്. കായംകുളം പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം.
ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ൽ ഏറ്റവും കൂടുതൽ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗം. അതിൽത്തന്നെ ഏറ്റവും കൂടുതൽ കുഴികൾ രൂപപ്പെട്ട് അപകടം സൃഷ്ടിക്കുന്ന മേഖലയാണ് കായംകുളം – കൃഷ്ണപുരം പാത. ഇവിടെ കെപിഎസിക്കു മുന്നിലുള്ള റോഡിൽവച്ചാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐ അപകടത്തിൽപ്പെട്ടത്.
രാത്രി 11 മണിയോടെ ഡ്യൂട്ടി പൂർത്തിയാക്കി ബൈക്കിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇദ്ദേഹം കുഴിയിൽ വീണത്. ബൈക്കിൽനിന്ന് നിലത്തുവീണ ഇദ്ദേഹം പരുക്കുകളുമായി കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
English Summary: SI Falls in the Pothole In National Highway Near Kayamkulam