ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായതിനാൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ള ദുരിതാശ്വാസ നിധിക്കേസിന്റെ വിധിയിലേക്ക് ലോകായുക്ത കടക്കാനുള്ള സാഹചര്യമൊരുങ്ങി. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാൻ കഴിയും.

ലോകായുക്ത വിധിയെ തുടർന്നാണ് ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെയുള്ള 11 ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായത്. ഈ ഓർഡിനൻസുകൾ ബില്ലുകളായി ഇനി നിയമസഭയിൽ അവതരിപ്പിക്കണം. ഇതിനായി ഓഗസ്റ്റ് 22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടയിൽ ദുരിതാശ്വാസനിധി സംബന്ധിച്ച കേസിൽ എതിരായ വിധിയുണ്ടായാൽ സർക്കാർ സമ്മർദ്ദത്തിലാകും.

ദുരിതാശ്വാസ നിധിക്കേസിൽ മാർച്ച് മാസത്തിലാണ് ഹിയറിങ് പൂർത്തിയായത്. കേസ് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. വിചാരണ നടക്കുമ്പോഴാണ് സർക്കാർ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്. ദുരിതാശ്വാസനിധിയിൽനിന്ന് മുൻ എംഎൽഎമാരുടെ കുടുംബത്തിനു സഹായം നൽകിയത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗമായ ആർ.എസ്.ശശികുമാറാണ് ഹർജി നൽകിയത്.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനു ഭാര്യയ്ക്കു സർക്കാർ ജോലി ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾക്കു പുറമെ 20 ലക്ഷം രൂപയും നൽകിയതിനെതിരെയാണ് പരാതി. ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയിൽനിന്ന് ഏതു സർക്കാരും പണം അനുവദിക്കുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചിരുന്നു.  

മന്ത്രിസഭയുടേത് കൂട്ടായ തീരുമാനമാണെന്നും മന്ത്രിസഭയുടെ തീരുമാനം ലോകായുക്തയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും, ദുരിതമനുഭവിക്കുന്നവരെ  സർക്കാർ സഹായിക്കുമെന്ന ഒരു സന്ദേശമാണ് ഈ തീരുമാനത്തിലുള്ളതെന്നും സർക്കാർ അറ്റോർണി ടി.എ.ഷാജി വാദിച്ചെങ്കിലും സർക്കാർ ഖജനാവിൽനിന്ന് എടുത്തല്ല ഔദാര്യം കാട്ടേണ്ടതെന്നായിരുന്നു ലോകായുക്തയുടെ മറുപടി. ദുരിതാശ്വാസ നിധി അനുവദിക്കുന്നതിനു വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നും ഇതു മന്ത്രിസഭയ്ക്കും ബാധകമാണെന്നും ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും നിരീക്ഷിച്ചു. വിധി സർക്കാരിന് എതിരാകുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.

വിധി എതിരായാൽ സർക്കാരിന് ഒരുനിമിഷം പോലും അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച ഘട്ടത്തിൽ ലോകായുക്തയുടെ വിധി ഉടനെ ഉണ്ടാകില്ലെന്നാണ് സിപിഎമ്മിന്റെ നിഗമനം. ലോകായുക്ത ഭേദഗതി ഓർഡിനന്‍സിന്റെ പേരിൽ സിപിഐ വിയോജിപ്പിലാണ്. ഭേദഗതി കൊണ്ടുവന്ന് ലോകായുക്തയെ ദുർബലപ്പെടുത്തരുതെന്നു പാർട്ടി ആവശ്യപ്പെടുന്നു. സിപിഐ മന്ത്രിമാരും ഇക്കാര്യം മന്ത്രിസഭയിൽ ഉന്നയിച്ച സാഹചര്യത്തിൽ ഇരുപാർട്ടികളും കൂടുതൽ ചർച്ചകൾ നടത്തും.

ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത്. ഈ വകുപ്പ് അനുസരിച്ചാണ് കെ.ടി.ജലീലിനെതിരെ നടപടിയുണ്ടായത്. കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടി വന്നതോടെയാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. ഇതോടെ, കേസിൽ വിധി പറയാതെ ലോകായുക്തയും ഉപലോകായുക്തയും മാറ്റി വയ്ക്കുകയായിരുന്നു.

നിയമസഭ ചേരാത്ത സാഹചര്യത്തിൽ, പുതിയ നിയമനിർമാണം നടത്താനോ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനോ ഭരണഘടനയുടെ 213–ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. ഇതു ഗവർണറുടെ ഓഫിസിലേക്ക് അയച്ചു അംഗീകാരം വാങ്ങും. അടുത്ത സഭാ സമ്മേളനത്തിൽ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കണം. നിയമസഭ ചേർന്നു 42 ദിവസത്തിനകം ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്നില്ലെങ്കിൽ അസാധുവാകും. ഓർഡിനൻസ് പുതുക്കാൻ ഗവർണറുടെ അനുമതിവേണം. 11 ഓർഡിനൻസുകൾ പുതുക്കാനായി അയച്ചപ്പോഴാണ് ഗവർണർ അനുമതി നിഷേധിച്ചത്.

English Summary: Kerala Government lands in Ordinance Dilemma in Lokayuktha case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com