‘പപ്പുവിന്റെ ഇപ്പ ശര്യാക്കിത്തരാം ഇന്നും പറയാറില്ലേ? ഇതും സിനിമയായി കണ്ടാൽ മതി’

pa-mohammed-riyas-kunchacko-boban
മന്ത്രി മുഹമ്മദ് റിയാസ്, ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ.
SHARE

തിരുവനന്തപുരം ∙ ഇന്നു റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്കാര സ്വതന്ത്ര്യമായി കാണണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ മാത്രം എടുത്താൽ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

സിനിമയുടെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകം സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബർ ഇടങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.

‘സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാൽ മതി. അതിന്റെ മറ്റു കാര്യങ്ങൾ എനിക്കറിയില്ല. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നമാണ്. അതു പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്രിയാത്മക നിർദേശങ്ങളും വിമർശനങ്ങളും സ്വീകരിക്കും’ – മന്ത്രി വിശദീകരിച്ചു.

‘എൺപതുകളിൽ ഒരു സിനിമ ഇറങ്ങിയിരുന്നു, വെള്ളാനകളുടെ നാട്. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്താണ്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച സിനിമ. തിരക്കഥയും ശ്രീനിവാസന്റേതാണെന്നു തോന്നുന്നു. എനിക്ക് കൃത്യമായി ഓർമയില്ല. ശ്രീനിവാസൻ പ്രിയദർശനുവേണ്ടി വളരെ കുറച്ച് തിരക്കഥകൾ മാത്രമേ എഴുതിയിട്ടുള്ളൂ. കൂടുതലും സത്യൻ അന്തിക്കാടിനു വേണ്ടിയാണ് എഴുതിയിട്ടുള്ളത്. ആ സിനിമയിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന താമരശേരി ചുരവുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ ഇന്നും ഹിറ്റല്ലേ. ‘ഇപ്പൊ ശര്യാക്കിത്താരം’ എന്നൊക്കെ പറയുന്നത് ഇന്നും നാം പറഞ്ഞു നടക്കുന്നില്ലേ? ഇതും സിനിമയും അതിന്റെ പരസ്യവുമായി മാത്രം കണ്ടാൽ മതി’ – റിയാസ് പറഞ്ഞു.

സിനിമ ബഹിഷ്കരിക്കാൻ ഉൾപ്പെടെ ഇടത് അനുകൂല പേജുകളിൽ നടക്കുന്ന പ്രചാരണത്തെ വി.ഡി.സതീശനും വിമർശിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുന്നവര്‍ ഇൗ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്തിനെന്നും സതീശന്‍ ചോദിച്ചു. ഇത്തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

‘‘തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത്’ എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമാ പരസ്യത്തിൽ പറയുന്നത്. എന്നാൽ സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളിൽ നടക്കുന്നത്. ആവിഷ്കാര സ്വാതത്രത്തിനു വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമർശിച്ചാൽ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സിനിമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാൽ കൂടുതൽ ആളുകൾ സിനിമ കാണും.’ സതീശൻ പറഞ്ഞു.

English Summary: Minister PA Mohammed Riyas Responds To Film Poster Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA