‘മരുന്നിനും പാലിനും പാക്കിസ്ഥാനിൽ തീവില; കുഞ്ഞുങ്ങളെ ഞാൻ പട്ടിണിക്കിട്ട് കൊല്ലണോ’?

1248-rabia-faiq
റാബിയ ഫെ‌യ്‌ഗ്: Twitter Video Screenshot @RabiaFaiq1
SHARE

ഇസ്‌ലാമാബാദ്∙ സാമ്പത്തിക തകർച്ച നേരിടുന്ന പാക്കിസ്ഥാനിൽ പണപ്പെരുപ്പം ഉച്ചസ്ഥായിയിൽ ആയതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പെടാപാട് പെടുകയാണ് സാധാരണക്കാർ. ഇന്ധന–ഊർജ ക്ഷാമത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതോടെ ജനജീവിതം ദുസ്സഹമായി. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്ക് സർക്കാരിനെ ചോദ്യം ചെയ്‌തു കൊണ്ടുള്ള യുവതിയുടെ വിഡിയോ പാക്കിസ്ഥാൻ തരംഗമാകുകയാണ്. പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകൻ ഹമീദ് മിർ പങ്കുവച്ചതോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്‌തു. കറാച്ചി സ്വദേശിയായ റാബിയ ഫെ‌യ്‌ഗ് എന്ന യുവതിയാണ് ഷഹബാസ് ഷെരീഫ് സർക്കാരിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്. 

ജീവിതം ദുസ്സഹമായിരിക്കുന്നു. പാക്ക് പ്രധാനമന്ത്രി  ഷഹബാസ് ഷെരീഫിനും ഭരണകക്ഷി നേതാവ് മറിയം നവാസിനും എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ തന്നെ പറഞ്ഞാലും. തൊട്ടാൽ പൊള്ളുന്ന വൈദ്യുതി ബിൽ, വീട്ടുവാടക, എന്റെ കുഞ്ഞുങ്ങൾക്കും പാലും മരുന്നും വാങ്ങുന്നത് ഞാൻ ഒഴിവാക്കണോ? അതോ ഞാൻ എന്റെ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊല്ലണോ– റാബിയ വിഡിയോയിൽ ചോദിക്കുന്നു. 

എന്റെ കുഞ്ഞുങ്ങളിൽ ഒരാൾക്ക് അപ‌സ്‌മാരം ഉണ്ട്. കുട്ടിയുടെ ചികിത്സയ്ക്കുള്ള ചെലവ് ഞങ്ങൾക്കു താങ്ങാവുന്നതിലും അധികമാണ്. മരുന്നിന്റെ വില കഴിഞ്ഞ നാല് മാസമായി ദിനംപ്രതി കുത്തനെ ഉയരുകയാണ്. സർക്കാർ പാവപ്പെട്ടവരെ ഏതാണ്ട് കൊന്നുകഴിഞ്ഞു. എന്റെ കുഞ്ഞുങ്ങൾക്ക് പാലും മരുന്നു വാങ്ങാതിരിക്കാൻ എനിക്ക് കഴിയുമോ. എന്റെ കുഞ്ഞുങ്ങളെയും പട്ടിണിക്കിട്ട് കൊന്നുകളയണമെന്നാണോ നിങ്ങൾ പറയുന്നത്– റാബിയ വിഡിയോയിൽ ചോദിക്കുന്നു.

വിഡിയോ രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ വിശദീകരവുമായി പാക്ക് ധനമന്ത്രി മിഫ്താ‌ഹ് ഇസ്‌മായിൽ രംഗത്തെത്തി.  ജൂണിൽ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിക്കുകയോ മരുന്നുകൾക്ക് പുതിയ നികുതി ചുമത്തുകയോ ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനു വേണ്ടിയല്ല താൻ വിഡിയോ ചെയ്‌തതെന്നും സാധാരണക്കാരുടെ നിലവിലെ അവസ്ഥ അധികാരികളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും മറ്റൊരു വിഡിയോയിൽ റാബിയ വിശദീകരിച്ചു. 

സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടംതിരിഞ്ഞുനിൽക്കുമ്പോഴാണ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഐഎംഎഫിന്റെ വായ്പ ലഭ്യമാകാൻ കടുത്ത നിബന്ധനകളാണ് പാക്കിസ്ഥാന് അംഗീകരിക്കേണ്ടിവന്നത്. ചെലവുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ഇന്ധന വില, നികുതി ശേഖരണം തുടങ്ങിയവ വർധിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഈ നീക്കങ്ങൾ ഷഹബാസ് സർക്കാരിന്റെ പൊതുജനപിന്തുണ വൻ തോതിൽ കുറയുന്നതിനു കാരണമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റിൽ എല്ലാ മേഖലകളിലേക്കുമുള്ള വെട്ടിച്ചുരുക്കലുകൾ നടത്തിയപ്പോഴും സൈന്യത്തിന് 11% വർധനവാണ് ബജറ്റിൽ വരുത്തിയത്. കഴിഞ്ഞ രണ്ടു ദശകത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് പാക്കിസ്ഥാന്റെ കറൻസിയായ രൂപ. 

വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ, കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായ സാഹചര്യത്തിൽ വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രയാസപ്പെടുന്ന പാക്കിസ്ഥാനിൽ ഊര്‍ജ പ്രതിസന്ധിയും പിടിമുറുക്കി. കഴിഞ്ഞ വർഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും പ്രതിസന്ധിയിലാക്കിയത്.

ഊർജോൽപാദന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായ‌തോടെ പ്രധാനനഗരങ്ങളിൽ പത്തും പതിനഞ്ച് മണിക്കൂറുകൾ വരെ പവർകട്ട് ഏർപ്പെടുത്തിയിരുന്നു.  ഇന്ധനത്തിനടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിനു കഴിയാത്തതും തലവേദനയാണ്. പാക്ക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതു രാജ്യാന്തര വിപണിയിലെ വാങ്ങൽ ശേഷിയെ ദുർബലമാക്കി. ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങൾ തകർന്നതും പ്രതിസന്ധി രൂക്ഷമാക്കി.

English Summary: Pak Woman Complains About Price Rise in a viral video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA