യുവമോർച്ച നേതാവിന്റെ കൊലയിൽ 3 പേർ അറസ്റ്റിൽ; പിടിച്ചത് കേരളത്തിൽനിന്ന്?
Mail This Article
മംഗളൂരു ∙ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി അറസ്റ്റിൽ. ബെള്ളരെ സ്വദേശികളായ ബഷീർ, ഷിഹാബ്, റിയാസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരളത്തിൽ നിന്നാണ് പിടികൂടിയതെന്ന് സൂചനയുണ്ട്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പത്തായി. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് കർണാടകയിലും, കേരളത്തിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കേസിന്റെ അന്വേഷണം നടത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക് (27), സവണൂരു സ്വദേശി സക്കീർ(29) ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42), സുള്ള്യ നാവൂർ സ്വദേശി അബിദ് (22), ബെള്ളാരി ഗൗരിഹൊളെ സ്വദേശി നൗഫൽ(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 26 നു രാത്രി കേരള കർണാടക അതിർത്തിയോടു ചേർന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ വച്ചാണ് ബിജെപി യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു (32) കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
English Summary: Three more arrested in BJP youth wing leader murder case