‘കിടുങ്ങാക്ഷിയമ്മ’ പ്രയോഗത്തിൽ വ്യക്തിപരമായ അധിക്ഷേപമില്ല; വിശദീകരിച്ച് സതീശൻ

pk-sreemathy-vd-satheesan
പി.കെ.ശ്രീമതി, വി.ഡി.സതീശൻ
SHARE

തിരുവനന്തപുരം ∙ പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എകെജി സെന്‍റര്‍ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചത്. പ്രസ്താവനകളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ പിന്‍വലിക്കാന്‍ മടിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതിക്കെതിരെ നടത്തിയ ‘കിടുങ്ങാക്ഷിയമ്മ’ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം. സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

‘‘എകെജി സെന്ററിലേക്കുള്ള പടക്കമേറിനു തൊട്ടുപിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങിപ്പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്.’ – സതീശൻ പറഞ്ഞു.

‘അവരെ വേദനിപ്പിക്കുന്ന എന്തെങ്കിലും പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അത് ഞാൻ തീർച്ചയായും പിൻവലിക്കും. മാപ്പു പറയുകയും ചെയ്യും. അത് ഞങ്ങൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനമാണ്. ഞങ്ങൾ ആരെങ്കിലും സംസാരിക്കുമ്പോൾ സ്ത്രീവിരുദ്ധമായ പരാമർശം നടത്തുകയോ വ്യക്തിപരമായി ആക്ഷേപിക്കുകയോ ചെയ്താൽ നിരുപാധികം പ്രസ്താവന പിൻവലിച്ച് മാപ്പു പറയുമെന്നാണ് തീരുമാനം. അതിലൊന്നും മാറ്റമില്ല’ – വി.ഡി.സതീശൻ പറഞ്ഞു.

പത്തനംതിട്ട ജില്ല ‘ആസാദ് കി ഗൗരവ് യാത്ര’ മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സതീശൻ വിവാദ പരാമർശം നടത്തിയത്. സ്വർണക്കടത്തു കേസിൽനിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം നടത്തിയ ശ്രമങ്ങളെക്കുറിച്ചു പറയുമ്പോൾ വി.ഡി.സതീശന്റെ പരാമർശങ്ങൾ ഇങ്ങനെ:

‘‘എകെജി സെന്ററിന് ഓലപ്പടക്കം എറിഞ്ഞു. എന്നിട്ട് ചിറ്റപ്പൻ വന്ന് എന്താണ് പറഞ്ഞത്? ഓലപ്പടക്കം വീഴുന്നതിനും അര മണിക്കൂർ മുൻപേ ചിറ്റപ്പൻ വിവരം അറിഞ്ഞു. രണ്ട് സ്റ്റീൽ ബോംബാണ് വീണത്. കോൺഗ്രസ്സുകാരാണ് എറിഞ്ഞത്. അപ്പോൾ മുകളിലിരുന്ന് ഒരു കിടുങ്ങാക്ഷിയമ്മ കസേരയിലിരുന്ന് കിടുങ്ങി. വായിച്ചുകൊണ്ടിരുന്നപ്പോൾ വീഴാൻ പോയെന്നാണ് അവർ പറഞ്ഞത്. ഇടിമുഴക്കത്തേക്കാൾ വലിയ ശബ്ദം കേട്ടെന്നും പറഞ്ഞു. ഇതെല്ലാം കേട്ട് കേരളത്തിലെ മാർക്സിസ്റ്റുകാർ കോൺഗ്രസ് ഓഫിസുകൾ തല്ലിത്തകർത്തു. അവർ രണ്ടു പേർക്കുമെതിരെ കലാപത്തിന് കേസെടുക്കേണ്ടതായിരുന്നു. എന്നിട്ടിപ്പോൾ മാർക്സിസ്റ്റുകാർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. എല്ലാവരും ചോദിക്കുന്നത് ‘കിട്ടിയോ’ എന്നാണ്. അതുകൊണ്ട് അവർ വീട്ടിലൊളിക്കുകയാണ്’ – ഇതായിരുന്നു സതീശന്റെ പരാമർശം.

‘‘ശത്രുക്കൾക്ക് പോലും ബംഗാളിലെ സി.പി.എം.ന്റെ ഗതി വരുത്തരുതേയെന്നാണ് എന്റെ പ്രാർഥന. ഇവിടെ ഡെപ്യൂട്ടി കലക്ടറെ വിരട്ടിയും ഡിവൈഎസ്പിയെ സ്ഥലം മാറ്റിയും ഏരിയാ സെക്രട്ടറിമാർ വിലസുകയാണ്. അതേസമയം 33 വർഷം അവർ ഭരിച്ച ബംഗാളിലെ ഏരിയാ സെക്രട്ടറി പറവൂരിൽ റോഡ് പണിക്കുണ്ട്. അവിടുത്തെ ജില്ലാ സെക്രട്ടറി തൃശ്ശൂരിൽ പൊറോട്ടയടിയിലാണ്. ജനങ്ങളുടെ സൗമനസ്യം കൊണ്ടു കിട്ടിയ തുടർഭരണം വിനയത്തോടെ സ്വീകരിക്കുന്നതിനു പകരം ധിക്കാരവും അഹങ്കാരവും നിറഞ്ഞ ഇന്നത്തെ മാതൃക തുടർന്നാൽ പൊറോട്ടയുടെ കാര്യം നാട്ടുകാർ ഓർമിപ്പിക്കണം’ – സതീശൻ പറഞ്ഞു.

English Summary: VD Satheesan Clarifies Statement Against PK Sreemathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA