‘‘ഇത് വീടെന്നു പറയാൻ പറ്റില്ല സാറേ... ചെളിമണ്ണിലാണ് ഞങ്ങൾ കിടക്കുന്നത്. ഒൻപതു വർഷമായി മേഞ്ഞിട്ടില്ലാത്ത ഓലവീടാണ്. പ്ലാസ്റ്റിക് ഷീറ്റും തുണിയും ഇട്ട് ഇങ്ങനെ പോകുന്നു. ഈ പഞ്ചായത്തിൽ ഇങ്ങനെ വേറെ ഒരു വീടുണ്ടാവില്ല. അകത്ത് എപ്പോഴും വെള്ളം കാണും. അകത്ത് കാലുകയറ്റി വയ്ക്കാൻ ഒരു ഉണങ്ങിയ സ്ഥലം വേണമെങ്കിൽ കട്ടളയിൽ കയറ്റി വയ്ക്കണം.’’ – വ്ലോഗറുമായുള്ള സംസാരത്തിനിടെ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു വെളിപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മയുടേതാണ് ഈ വാക്കുകൾ.
പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ല എന്നതുകൊണ്ടു തന്നെ പെൺകുട്ടിയുടെ സ്ഥലവും വീടും പറയാൻ നിയമതടസ്സമുണ്ട്. എങ്കിലും വായനക്കാർ അറിയണം, എന്തുകൊണ്ട് അവൾ ഇങ്ങനെയായി എന്നതിന്റെ കാരണമെങ്കിലും.
‘‘അവൾക്ക് ഇപ്പോൾ 17 വയസ്സാണ്. ഒൻപതാം ക്ലാസ് കഴിഞ്ഞ് മോള് സ്കൂളിലൊന്നും പോയിട്ടില്ല. ആ സമയത്തെ ഓൺലൈൻ ക്ലാസിലും കയറിയിട്ടില്ല. കൂട്ടുകാർക്കൊപ്പം കറങ്ങി നടക്കുക, അവൾ പറയുന്ന പോലെ ‘ബോങ്കടിക്കുക’ ഇതൊക്കെയാണ് പ്രധാനം. പിന്നെ വീട്ടിലാണെങ്കിലും ഫോണിൽ വിഡിയോ ചാറ്റിങ്ങും. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഇതെന്ന് ഓർക്കണം. എന്തുകൊണ്ട് ഒരു 17 വയസ്സുകാരി ഇങ്ങനെ ഒരു ലഹരിസംഘത്തിന്റെ വലയിലായെന്നു തിരഞ്ഞുപോകുന്നവർക്കു വീടിന്റെ സാഹചര്യം കണ്ടാൽ മാത്രം മതി എല്ലാം ബോധ്യപ്പെടാൻ.
അവൾക്കൊന്നു തുണി മാറാൻ മറപോലുമില്ല. ഒറ്റമുറിയുള്ള കുടിലെന്നു പറഞ്ഞാൽ അതാണു ശരി. അഞ്ചു പേരും ഈ മുറിയിലാണ് എല്ലാം ചെയ്യുന്നത്. ശുചിമുറിയിൽനിന്നുള്ള വെള്ളം അകത്തും പുറത്തുമെല്ലാം വരും. ഇങ്ങനെ കുറെകാലം കഴിയുമ്പോ സിനിമാക്കാരു വരും, നമ്മുടെ വീടു ഷൂട്ടു ചെയ്യാൻ. വേറെ എവിടെയും ഇപ്പോൾ ഓലക്കുടിൽ ഇല്ലല്ലോ എന്നു ഞാൻ പറയാറുണ്ട്.’’– സങ്കടം നിറച്ച വാക്കുകളിൽ ആ അമ്മ.
‘‘രണ്ടു സഹോദരന്മാരുണ്ട് അവൾക്ക്. മൂത്തയാൾക്ക് 19 വയസ്സ്, ഇളയ ആൾക്ക് 15. മൂത്തമകന് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇടയ്ക്കു മേളത്തിനു പോകും. എവിടെയെങ്കിലും ആരെങ്കിലും ഒരു ജോലിക്ക് ആക്കിക്കൊടുക്കാൻ കുറെപേരോടു പറഞ്ഞിട്ടുണ്ട്. അച്ഛൻ ആർമിയിലാണെന്ന് അവൾ പറയുന്നതു പച്ച നുണയാണ്. അമ്മ ബാങ്ക് ജോലിക്കാരിയാണ് എന്നാണ് കൂട്ടുകാരോടു പറയാറുള്ളത്. പഞ്ചായത്തിന്റെ ഹരിത കർമ സേനയ്ക്കൊപ്പം ജോലിക്കു പോകുന്നുണ്ട് ഇപ്പോൾ. കൂലിപ്പണിക്കാരനായ അച്ഛനു മാനസികപ്രശ്നങ്ങൾ ഉള്ളതുകൊണ്ടു തന്നെ അവളുടെ ചെറുപ്രായം മുതൽ എന്നും വീട്ടിൽ വഴക്കാണ്. ജോലിക്കും പോകുന്നില്ല. അതു കണ്ടു വളർന്ന അവൾ ഇങ്ങനെയായി പോയി.’’ – സ്വയം പഴിചാരി അമ്മ പറയുന്നു.
∙ വീട്ടിലെന്നും വഴക്ക്; അങ്ങനെ ഇങ്ങനെയായി!
‘‘ഭർത്താവ് ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുമ്പോഴാണ് ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചത്. അദ്ദേഹത്തിനൊപ്പം പോരുമ്പോൾ വീട്ടുകാർ തന്നത് 15,000 രൂപ. വിവാഹത്തിന് അവർക്കു താൽപര്യമില്ലായിരുന്നു. എങ്കിലും നാലു സെന്റിലെ ജീവിതത്തിൽനിന്നു മാറ്റമുണ്ടാകുമെന്നാണു കരുതിയത്. ഭർത്താവിന്റെ മാനസികപ്രശ്നങ്ങളും ജോലി ഇല്ലായ്മയും എല്ലാം സഹിച്ചാണ് മക്കളെ വളർത്തിയത്. ഇതിനിടെ അവരെ നന്നായി നോക്കിയിട്ടുണ്ട്. അവളെ തല്ലാറില്ല. എന്തെങ്കിലും പറഞ്ഞാൽ അമ്മയാണെന്ന് ഓർക്കാതെയാണ് ചെറുപ്പം മുതൽ അവളുടെ സംസാരം. അതു കാരണം ഒന്നും പറയാതെയായി. പൊതുസ്ഥലങ്ങളിൽ വച്ചുവരെ എന്തെങ്കിലും വിളിച്ചു പറയും. എന്താണ് പറയുക എന്നറിയില്ല. അത്രയേറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ കുട്ടിയെക്കൊണ്ട്.
ചെറുപ്പം മുതൽ അവൾക്ക് ആൺകുട്ടികളുമായാണ് കൂട്ട്. നല്ല മുടിയുണ്ടായിരുന്ന കുട്ടിയാണ്. അതൊക്കെ വെട്ടി എപ്പോഴും ആണുങ്ങളുടെ പോലെ നടക്കും. വീട്ടിൽനിന്നു പോയാൽ ആൺകുട്ടിയായിട്ടാണ് തിരിച്ചുവരുന്നത്. ശരീരത്തിൽ പച്ചകുത്തിയിട്ടൊക്കെയുണ്ട്. സ്കൂളിൽ കുട്ടികളെ തെറി പറയും, വഴക്കുണ്ടാക്കും. അങ്ങനെ പല സ്കൂളുകൾ മാറേണ്ടി വന്നു. പഠനം മുടങ്ങിയത് അങ്ങനെയാണ്.

∙ മൊബൈൽ ഫോണിന് അടിമ
മൊബൈൽ കിട്ടിയാൽ മാത്രം വീടുവിട്ടെങ്ങും പോകില്ല. ഫോൺ കയ്യിലില്ലെങ്കിൽ പിന്നെ പ്രാന്തു പോലെയാണ്. മൊബൈലിന്റെ കാര്യത്തിൽ മാത്രമാണ് വഴക്കുണ്ടാകുക. മൊബൈലിന് അടിമ ആയതു പോലെയാണ്. അച്ഛനെയും ചേട്ടനെയും ബഹുമാനിക്കില്ല. എന്താ പറയുന്നതെന്നു നോക്കില്ല. ഫോണിൽ ലൈവിൽ എല്ലാവരോടും സംസാരിക്കും. അച്ഛൻ അടുത്തുണ്ടെങ്കിലും ഫോണിൽ ആൺകുട്ടികളോടു സംസാരിച്ചിരിക്കും. ചിലപ്പോൾ ഫോണിൽ വിളിക്കുന്നത് ആരാന്ന് ചോദിച്ചാൽ..‘അത് എന്നെ കെട്ടാൻ പോകുന്ന ചെക്കൻ’ എന്നു പറയും.
ചിലപ്പോൾ പുറത്തു പറമ്പിൽ പോയിരുന്നു സംസാരിക്കും. ഒളിച്ചിരുന്നു കേട്ടിട്ടുണ്ട് അവൾ പറയുന്നത്. കഴിച്ച ഭക്ഷണത്തെക്കുറിച്ചൊക്കെ പറയുമ്പോൾ വീട്ടിൽ അന്നു ഭക്ഷണം പോലും ഉണ്ടായിരുന്നിരിക്കില്ല. എന്നാലും എന്തോ കേട്ടിട്ടില്ലാത്ത ഭക്ഷണത്തിന്റെ പേരൊക്കെയാണ് കഴിച്ചെന്നു പറയുക.
∙ അമ്മയ്ക്ക് എപ്പോഴും സംശയം!
അവൾ എപ്പോഴും ഉറങ്ങുന്നതു കണ്ടു ശ്രദ്ധിച്ചപ്പോഴാണ് എന്തോ ഉപയോഗിക്കുന്നുണ്ടെന്നു മനസ്സിലായത്. അവൾ ലഹരി ഉപയോഗിക്കുന്നത് വീട്ടിൽ ആരും കണ്ടിട്ടില്ല. എന്നാലും പലതിന്റെയും പേരു പറയും. എങ്ങനെ പഠിച്ചെന്നു ചോദിക്കുമ്പോൾ ടിവിയിൽ കണ്ടു പഠിച്ചതാണെന്നാണു പറഞ്ഞത്. അവൾ എന്തോ ഉപയോഗിക്കുന്നുണ്ടെന്ന് അവളുടെ കൂട്ടുകാർ തന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.
മകളുടെ ഉറക്കം കൂടിയപ്പോൾ ഭർത്താവിന്റെ അച്ഛൻ എന്നോടു ചോദിച്ചു മോൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. ഞാനും ശ്രദ്ധിക്കുന്നുണ്ടെന്നു പറഞ്ഞു. എന്താണ് ഇങ്ങനെ ഉറങ്ങുന്നത്, ആരെങ്കിലും നിനക്ക് എന്തെങ്കിലും തന്നോ എന്നു ചോദിച്ചിട്ടുണ്ട്. അപ്പോൾ ‘അമ്മയ്ക്ക് എന്താണ്, ആര് എന്ത് തരാനാണ്. അമ്മയ്ക്ക് എപ്പോഴും സംശയമാണ് ആരോടെങ്കിലും സംസാരിച്ചാലും അമ്മയ്ക്കു സംശയമാണ്’ എന്നു പറയും.. ഇപ്പോൾ പുറത്തുവന്നതു പോലെയുള്ള വിഡിയോ നേരത്തേയും കണ്ടിട്ടുണ്ട്. ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു.
∙ ഞാൻ കൗൺസിലറാ!...
ഒൻപതാം ക്ലാസ് പൂർത്തിയാക്കിയിട്ടില്ലെങ്കിലും താൻ കൗൺസിലറാണെന്നാണ് അവൾ പുറത്തെല്ലാവരോടും പറയുന്നത്. വലിയ ആളുകളെ പോലെയാണ് നടത്തവും പെരുമാറ്റവും. ഇപ്പോൾ സർക്കാർ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചശേഷം ആൾ നല്ല ഹാപ്പിയാണ്. മൂന്നു പ്രാവശ്യം വിളിക്കുകയും ഒരു തവണ കാണുകയും ചെയ്തു. സ്കൂളിൽ പോകുന്നുണ്ട്, ഞാൻ ഇവിടെ നിന്നോളാം എന്നെല്ലാം പറഞ്ഞു. ശനിയാഴ്ചകളിൽ വിളിച്ചാൽ കിട്ടും. അതിനു വേണ്ടി അവൾ കാത്തു നിൽക്കുകയാണെന്നു പറയും.
ഇപ്പോൾ അവസാനം അവൾ വീട്ടിൽനിന്നു പോയപ്പോൾ രണ്ട് ആൺകുട്ടികൾ കൂടെയുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു അമ്പലത്തിന്റെ മുൻപിൽവച്ചു പൊലീസ് കണ്ടാണ് പിടിച്ചു കൊണ്ടുവരുന്നത്. കൂടെയുള്ള ആൺകുട്ടികളെ കണ്ടപ്പോൾ ചെറിയ മകനെയാണ് ഓർമ വന്നത്. അവർക്കു 17 വയസ്സുണ്ടെന്നാണു പറഞ്ഞത്. ഇവൾക്ക് ഒന്നും പറ്റിയിട്ടില്ല, ഒന്നും ചെയ്തിട്ടില്ലെങ്കിൽ ആ കുട്ടികളെ വെറുതെ വിട്ടേക്കൂ എന്നാണ് പൊലീസിനോടു പറഞ്ഞത്. എന്തിനാണ് എല്ലാ കുട്ടികളെയും ഇവൾ കാരണം ജയിലിൽ വിടുന്നത്? അങ്ങനെ അവരുടെ മാതാപിതാക്കളെ പൊലീസ് വിളിച്ചുവരുത്തി വീട്ടിൽ വിടുകയായിരുന്നു.
ഇരിങ്ങാലക്കുടക്കാരൻ ഒരു എബിൻ തോമസ് മകളെ ഒരു ദിവസം വന്നു കൂട്ടിക്കൊണ്ടുപോയി. പൊലീസിൽ പരാതി കൊടുത്തപ്പോൾ ബെംഗളുരുവിൽനിന്ന് ഏഴു ദിവസം കഴിഞ്ഞപ്പോഴാണ് കിട്ടുന്നത്. രണ്ടു പേരെയും പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ പൊലീസ് അവന്റെ തോളിൽ കയ്യിട്ടു സ്നേഹത്തോടെയാണ് പെരുമാറിയത്. 24 വയസ്സുണ്ട് എബിൻ തോമസിന്. ഒരു തവണ ഇയാൾ വിളിച്ചു പറഞ്ഞു മോളുടെ പോക്ക് ശരിയല്ല, അവൾ എന്തൊക്കെയോ ഉപയോഗിക്കുന്നുണ്ട്, നന്നായി ശ്രദ്ധിക്കണം എന്നൊക്കെ. ബെംഗളുരുവിൽ ഞാൻ അവളെ സുരക്ഷിതമായി നോക്കിയിട്ടുണ്ടായിരുന്നെന്നും പറഞ്ഞു. ചേച്ചീ ഞാനവളുടെ ശരീരത്തിൽ തൊട്ടിട്ടില്ലെന്നു വരെ പറഞ്ഞു. പൊലീസ് നടത്തിയ മെഡിക്കൽ പരിശോധനയിലും വേറെ രീതിയിലൊന്നും ഇല്ലെന്നാണ് പറഞ്ഞത്.
നേരത്തെ പലപ്രാവശ്യം മകളെ കൗൺസിലിങ് നടത്തിയെങ്കിലും ഒരു ഗുണവുമില്ലെന്നാണ് തോന്നിയത്. തൃശൂരിൽ സൈക്യാട്രിസ്റ്റിനെ കാണിച്ചപ്പോൾ തുടർച്ചയായി മരുന്നു കൊടുക്കണമെന്നു പറഞ്ഞു. ഇതിനിടെയാണ് വീണ്ടും പോയതും സർക്കാർ കേന്ദ്രത്തിൽ പ്രവേശിച്ചതും.
∙ വീട്ടിലെ വഴക്കും ഇല്ലായ്മയും ഇങ്ങനെയാക്കി
ചെറുപ്പം മുതൽ ഭർത്താവുമായുള്ള വീട്ടിലെ വഴക്കു കണ്ടാണ് മൂന്നു മക്കളും വളർന്നത്. വീട്ടിലെ ഇല്ലായ്മയും എല്ലാം അവളെ ഇങ്ങനെ ആക്കിയതായിരിക്കും. ഈ നാട്ടിൽ എന്ത് ആപത്തു കേട്ടാലും ഇല്ലായ്മ കേട്ടാലും ചെന്നു പറ്റുന്നതു പോലെ സഹായിക്കും. എന്നിട്ടും ഒരു പഞ്ചായത്തു മെംബർ പോലും ഈ വീട്ടിൽ വന്ന് അന്വേഷിച്ചിട്ടില്ല. എന്നാലും ഇല്ലായ്മ ആരോടും പറയാറില്ല. വീടില്ല, വീടില്ല എന്നും പറയാറില്ല. എല്ലാ ഗ്രാമസഭയിലും പങ്കെടുക്കും. എല്ലാവർക്കും പറ്റുന്നതു ചെയ്തു കൊടുക്കും. പക്ഷേ എന്റെ വീട്ടിലേയ്ക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ലൈഫ് പദ്ധതിയിൽ ഒരു വീടുകിട്ടുമെന്ന പ്രതീക്ഷയാണുള്ളത്. ഇനി ഭർത്താവിന്റെ പേരിൽ ഭൂമി ഇല്ലെന്നു പറഞ്ഞു തരാതിരിക്കുമോ എന്ന പേടിയാണ് ഉള്ളത്.’’– അമ്മ പറയുന്നു.
English Summary: Vlogger Drugs Video: Story of Viral Girl