ADVERTISEMENT

കോഴിക്കോട്∙ ഗവേഷണമേഖലയിലെ വളർച്ചയാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ധൃതി ബാനർജി പറഞ്ഞു. 106 വർഷം മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനത്തിന്റെ ആദ്യ വനിതാ മേധാവിയായ ധൃതി ബാനർജി ഇതാദ്യമായാണ് കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള പദ്ധതികൾ കൊണ്ടുവരുമെന്നും ധൃതി പറഞ്ഞു.

∙ വനിതാ ഡയറക്ടറുടെ ആദ്യ സന്ദർശനം

‘‘ഡയറക്ടറായി ചുമതലയേറ്റ ശേഷം കേരളത്തിലെ എന്റെ ആദ്യ സന്ദർശനമാണിത്. സുവോളജിക്കൽ സർവേയിൽ ചേർന്നിട്ട് 25 വർഷമായി. എനിക്കൊപ്പം ജോലി തുടങ്ങിയ അനേകം പേർ കോഴിക്കോട്ടുണ്ട്. കൊൽക്കത്തയിലെ എന്റെ ടീമിലുണ്ടായിരുന്ന അനേകം സുഹൃത്തുക്കൾ ഇപ്പോൾ കോഴിക്കോട്ടുണ്ട്. ഈ വരവ് ഏറെ സന്തോഷമാണ്.

∙ കേരളത്തിലെ വംശനാശ റിപ്പോർട്ട് രാജ്യത്തെ ആദ്യ ചുവടുവയ്പ്പ്

‘‘ത്രെറ്റന്റ് ആനിമൽസ് ഓഫ് കേരള’ എന്ന സാങ്കേതിക പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തിറക്കിയത്. വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളെക്കുറിച്ചുള്ള ഒരു സാങ്കേതിക പഠനറിപ്പോർട്ട് രാജ്യത്താദ്യമായി പുറത്തിറങ്ങുന്നതാണ്. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ഗവേഷണഫലം പുസ്തകരൂപത്തിൽ പുറത്തിറക്കും. അതിനുള്ള പഠനമാതൃക കൂടിയാണ്. ഈ റിപ്പോർട്ട് കേന്ദ്ര വനംമന്ത്രാലയത്തിനു കൈമാറും. ’’

∙ മേഖലാ ശാസ്ത്രകേന്ദ്രവുമായി കൈകോർക്കും

‘‘കോഴിക്കോട് പ്ലാനിറ്റോറിയത്തിന്റെ തൊട്ടടുത്താണ് സൂവോളജിക്കൽ സർവേയുടെ ഒഫിസ്. മേഖലാ ശാസ്ത്രകേന്ദ്രവുമായി ചേർന്ന് അനേകം പദ്ധതികൾക്ക് സാധ്യതകളുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നതാണ് മേഖലാ ശാസ്ത്രകേന്ദ്രം. ജന്തു ഗവേഷണ മേഖലയിൽ ഞങ്ങളുടെ കയ്യിൽ അനേകം അറിവുകളുണ്ട്. മേഖലാശാസ്ത്രകേന്ദ്രത്തിന്റെ കയ്യിൽ സാങ്കേതിക വിദ്യയുമുണ്ട്. രണ്ടു സ്ഥാപനങ്ങളും ഒരുമിച്ച് കൈകോർത്താൽ ഭാവിയിൽ അനേകം പദ്ധതികൾ ഇവിടെ നടപ്പാക്കാം.’’

∙പശ്ചിമഘട്ടം പ്രധാനം

‘‘എൺപതുകളിലാണ് കോഴിക്കോട്ട് കേന്ദ്രം തുറന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമാണിത്. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള എല്ലാ പഠനവും ഈ കേന്ദ്രത്തിനു കീഴിലാണ് വരുന്നത്. രാജ്യത്തിന്റെ ജൈവവൈധ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പശ്ചിമഘട്ടം. രാജ്യത്ത് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുന്നതിൽ ഭൂരിഭാഗവും പശ്ചിമഘട്ട മേഖലയിൽ‍നിന്നാണ്. ജൈവവൈവിധ്യത്തിന്റെ ഹോട്സ്പോട്ടാണ് പശ്ചിമഘട്ടം. അതുകൊണ്ടുതന്നെ പുതുജീവിവർഗങ്ങളെ തിരിച്ചറിയുന്നതിൽ രാജ്യത്ത് ഏറ്റവുമധികം സംഭാവന നൽകുന്നത് കോഴിക്കോട്ടെ ഗവേഷകരാണ്.

50 പദ്ധതികളാണ് ഇപ്പോൾ പശ്ചിമഘട്ടമേഖലയിൽ നടക്കുന്നത്. ഇവിടെനിന്ന് ഇതുവരെ 700ലധികം സ്പീഷീസുകളാണ് ഗവേഷകർ തിരിച്ചറിഞ്ഞത്. 260 സസ്യവർഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പറക്കും അണ്ണാനുകളെ തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. അത്യപൂർവമായ മണ്ണിരവർഗത്തെ ഒരു നൂറ്റാണ്ടിനുശേഷം വീണ്ടും കണ്ടെത്തിയത് നിലമ്പൂരിൽനിന്നാണ്.’’

∙ ഗവേഷകരാണ് ശക്തി

‘‘പശ്ചിമഘട്ട മേഖലയിൽ ഉരുൾപൊട്ടലും മഴയുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ഗവേഷകർ പഠനം നടത്തുന്നത്. ആയിരത്തിലധികം ഗവേഷണപഠനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
കോഴിക്കോട്ടെ സൂവോളജിക്കൽ സർവേ കേന്ദ്രത്തിൽ ഒന്നരലക്ഷത്തോളം സ്പെസിമെനുകൾ സൂക്ഷിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർ‍ഥികൾക്ക് ഇവിടെ സന്ദർശിക്കാനും ഗവേഷണം നടത്താനുമുള്ള സഹായം നൽകും. വേണമെങ്കിൽ കൊൽക്കത്തയിലെ കേന്ദ്രത്തില്‍ ഗവേഷണം നടത്താനും അവസരമൊരുക്കാൻ തയാറാണ്.

ടാക്സോണമിയിൽ ശേഷി വർധിപ്പിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ഇതിനായി കാലിക്കറ്റ് സർവകലാശാലയുമായി കൈകോർക്കുന്നതും പരിഗണിക്കും. ഗവേഷണ ഗൈഡുകൾക്കു വേണ്ട സഹായങ്ങൾ നൽകും. സർവകലാശാലയുടെ കൈവശം വിദ്യാർഥികളുണ്ട്. ഞങ്ങളുടെ കൈവശം വിദഗ്ധരുണ്ട്. ’’

English Summary: Zoological Survey of India's first woman director Dhriti Banerjee speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com