ADVERTISEMENT

തിരുവനന്തപുരം ∙ ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി വിമർശിച്ച് സിപിഎം. ബോധപൂർവം കൈവിട്ട കളിയാണ് ഗവർണർ നടത്തുന്നതെന്ന് സിപിഎം നേതൃയോഗങ്ങൾക്കു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഈ ഘട്ടത്തിൽ പാർട്ടി ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുണ്ടെന്നും തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി ആരോപിച്ചു.

‘‘സാധാരണ രീതിയിൽ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവർണർ നടത്തുന്നതെന്ന് ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിയെ വിമർശിച്ചുകൊണ്ട് കോടിയേരി പറഞ്ഞു. ഗവർണറുടെ നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സർക്കാരും ഗവർണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. എന്നാൽ, അങ്ങനെയുള്ള പ്രവർത്തനമല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത്തരം നടപടികൾ‌ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തും. ഗവർണറുടെ പരസ്യമായ അഭിപ്രായങ്ങളോട് ഇതുവരെ പാർട്ടി പ്രതികരിച്ചിട്ടില്ല. കടുത്ത നിലപാടിലേക്ക് ഗവർണർ വന്നതുകൊണ്ടാണ് ഇപ്പോൾ പാർട്ടിയും പരസ്യമായി അഭിപ്രായം പറയുന്നത്.’ – കോടിയേരി പറഞ്ഞു.

‘‘മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭരണം അട്ടിമറിച്ചിട്ടുള്ളത്. സമാനമായ സ്ഥിതിയിലേക്കു കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭ കൂടേണ്ട സ്ഥിതിയാണ്. ഗവർണറുടെ സമീപനം കേരളത്തിൽ പരിചയമില്ലാത്തതാണ്. ഓർഡിനൻസിന് അനുമതി നൽകാതിരിക്കുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കണം. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത്. ആ അധികാരം കൊടുക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം’ – കോടിയേരി ചൂണ്ടിക്കാട്ടി.

‘‘മന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃയോഗങ്ങളിൽ പരിശോധിച്ചത്. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ പാർട്ടി നൽകും. മന്ത്രിമാർ കൂടുതൽ സജീവമാകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ലോകായുക്ത വിഷയത്തിൽ സിപിഐയുമായി നേരത്തെ ചർച്ച നടത്തി. അവരുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കൂ.’ – കോടിയേരി പറഞ്ഞു.

‘‘ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശനം ഉണ്ടാകാത്ത കാലഘട്ടം ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും പൊലീസ് വിമർശനത്തിനു വിധേയരാണ്. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. നാട്ടിൽ നടക്കുന്ന പരിപാടികൾക്കെല്ലാം പോകണമെന്നാണ് ചില മേയർമാരുടെ ധാരണ. പരസ്യവാചകങ്ങളുടെ പേരിൽ സിനിമ ബഹിഷ്ക്കരണമെന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. സമൂഹമാധ്യമങ്ങളിൽ എഴുതുന്നതെല്ലാം സിപിഎം നിലപാടല്ല’ – കോടിയേരി പറഞ്ഞു.

English Summary: CPM secretary Kodiyeri Balakrishnan press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com