മലപ്പുറം ∙ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മുൻ മന്ത്രി കെ.ടി.ജലീൽ. ജമ്മു കശ്മീർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിവരണത്തിലെ, ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതാണ് സാമാന്യം സുദീർഘമായ ഈ കുറിപ്പ്.
‘‘ജമ്മുവും കാശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ. പാക്കിസ്ഥാനോടു ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീർ’ എന്നറിയപ്പെട്ടു. പാക്കിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉൾ ഹഖ് പാക്കിസ്ഥാൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാക്കിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക് അധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.’’– എന്നിങ്ങനെയാണ് കുറിപ്പിലെ പരാമർശങ്ങൾ.
ജലീലിന്റെ കുറിപ്പിലെ വിവാദ പരാമർശങ്ങൾക്കെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ ‘കുറഞ്ഞ ഇടപെടലിനെ’ പുകഴ്ത്തുകയാണ് ജലീൽ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയർ പറഞ്ഞു. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികൾക്കിടയിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: KT Jaleel's Jammu Kashmir remark row