ADVERTISEMENT

ചെന്നൈ∙ ഒരു ലക്ഷത്തിലധികം പേരില്‍ നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത് വെല്ലൂര്‍ ആസ്ഥാനമായ എല്‍എന്‍എസ് ഇന്റര്‍നാഷനല്‍ ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങി. മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തതോടെയാണ് ഉടമകള്‍ മുങ്ങിയത്. കമ്പനിയുടെ ഏജന്റുമാരില്‍ ഒരാള്‍ നിക്ഷേപകരെ പേടിച്ചു സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചു. ഇതോടെ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ തുടങ്ങി.

ഓഹരി നിക്ഷേപ വിദഗ്ധനായി തമിഴ്, ഇംഗ്ലീഷ് ചാനലുകളില്‍ നിറഞ്ഞുനിന്ന വെല്ലൂര്‍ സ്വദേശി ലക്ഷ്മി നാരായണനും സഹോദരങ്ങളുമാണ് ജനങ്ങളില്‍നിന്നു കോടികള്‍ തട്ടിയെടുത്ത് മുങ്ങിയത്. ഒരു ലക്ഷം രൂപയ്ക്ക് മാസം 8000 രൂപ ലാഭവിഹിതമാണു വാഗ്ദാനം ചെയ്തിരുന്നത്. പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്നു പി.കാര്‍ത്തിക് എന്നയാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം കേസ് ഏറ്റെടുത്ത സാമ്പത്തിക കുറ്റന്വേഷണ വിഭാഗം വെള്ളിയാഴ്ച സംസ്ഥാനത്തൊട്ടാകെയുള്ള ഓഫിസുകളില്‍ റെയ്ഡ് നടത്തി. 

ഒരു കോടി രൂപയും 40 പവന്‍ സ്വര്‍ണാഭരണങ്ങളും കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു. പൊലീസിനു ലഭിച്ച രേഖകള്‍ പ്രകാരം 79,000 പേരില്‍ നിന്നായി 4383 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി കണ്ടെത്തി. ലക്ഷത്തിലധികം പേര്‍ ഇനിയും പരാതി നല്‍കാനുണ്ടെന്നു ചെന്നൈ പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കമ്പനിയുടെ ഏജന്റായ വെല്ലൂര്‍ കാട്പാടി സ്വദേശി സന്തോഷ് കുമാര്‍ ഇന്നലെ ആത്മഹത്യ ചെയ്തു. നിക്ഷേപകര്‍ പണം ചോദിച്ചു വീട്ടിലെത്തിയതോടെയാണ് പൊലീസിന് കുറിപ്പെഴുതി വച്ചശേഷം തൂങ്ങിമരിച്ചത്.

ലക്ഷ്മി നാരായണനു പുറമേ സഹോദങ്ങളായ എസ്.ജയാനന്ദന്‍, എസ്.ഭക്തനാരായണന്‍, വ്യാസര്‍പാടി സ്വദേശി ഗജേന്ദ്രന്‍, ഈറോഡ് സ്വദേശി വിവേക് എന്നിവരാണു തട്ടിപ്പിനു പുറകില്‍. ഒളിവില്‍പോയ ഇവരെ കണ്ടെത്താനും തട്ടിയെടുത്ത പണം വീണ്ടെടുക്കാനും പൊലീസ് തിരച്ചില്‍ തുടരുകയാണ്. വിവിധ പേരുകളില്‍ തമിഴ്നാട്ടിലാകെ കമ്പനികള്‍ തുടങ്ങി വന്‍തുക ലാഭവിഹിതം വാഗ്ദാനം ചെയ്താണു ഇവര്‍ കോടികള്‍ സ്വരൂപിച്ചത്.

English Summary: Rs6,000 Crore Investment Fraud: Tamil Nadu Police Yet To Arrest Promoters of LNS International Financial Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com