റുഷ്ദിയുടെ തലയ്ക്ക് 2.8 മില്യൻ ഡോളര്‍ വില ഇട്ട് ഇറാന്‍; നടപ്പായത് 33 വര്‍ഷം നീണ്ട ഫത്‌വ?

FRANCE-LITERATURE-RUSHDIE-PORTRAIT
ഫ്രാൻസിൽ നടന്നൊരു ഫോട്ടോ സെഷനിൽ സൽമാൻ റുഷ്ദി.Photo. JOEL SAGET / AFP
SHARE

ന്യൂയോര്‍ക്ക്∙ വെള്ളിയാഴ്ച പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പൊതുചടങ്ങില്‍ പ്രസംഗിക്കാനെത്തിയ ഇന്ത്യന്‍ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിക്കു (75) കുത്തേറ്റതോടെ ചര്‍ച്ചയാകുന്നത് 33 വര്‍ഷം മുന്‍പ് ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ച ഫത്‌വ. 1988ല്‍ ഇറങ്ങിയ നാലാമത്തെ നോവലായ 'സേറ്റാനിക് വേഴ്‌സസ്' വിവാദമായതോടെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചു. 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാന്‍ ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചത്.

പുസ്തകം എഴുതിയ ആളെയും പ്രസിദ്ധീകരിച്ചവരെയും വധിക്കണമെന്നായിരുന്നു ആഹ്വാനം. മേലില്‍ ഒരാളും ഇത്തരത്തില്‍ എഴുതാന്‍ ധൈര്യപ്പെടരുതെന്നും ഖുമൈനി പറഞ്ഞിരുന്നു. ഖുമൈനിയുടെ ശാസനയില്‍നിന്നു പിന്നീട് ഇറാന്‍ അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു. 2.8 മില്യൻ ഡോളറായിരുന്നു റുഷ്ദിയുടെ തലയ്ക്കിട്ടിരുന്ന വില. മുംബൈയിലാണു റുഷ്ദി ജനിച്ചത്. 1981ല്‍ ഇറങ്ങിയ 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍' ബുക്കര്‍ സമ്മാനം നേടി. യുകെയില്‍ മാത്രം ഈ നോവല്‍ 10 ലക്ഷം കോപ്പികളാണു വിറ്റഴിഞ്ഞത്.

വധഭീഷണി ഉയര്‍ന്നതോടെ റുഷ്ദി 9 വര്‍ഷമാണു ബ്രിട്ടനില്‍ ഒളിവില്‍ കഴിഞ്ഞത്. റുഷ്ദിക്ക് ബ്രിട്ടിഷ് സർക്കാര്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ജോസഫ് ആന്റണ്‍ എന്ന പേരില്‍ പല സ്ഥലങ്ങളില്‍ മാറിമാറിയാണ് അദ്ദേഹം താമസിച്ചിരുന്നു. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ 56 സ്ഥലങ്ങളാണ് മാറിയത്. അമേരിക്കന്‍ നോവലിസ്റ്റായ ഭാര്യ മരിയാനെ വിങ്ങിന്‍സുമായി പിരിഞ്ഞതോടെ റുഷ്ദി വല്ലാതെ ഒറ്റപ്പെട്ടു. 'സേറ്റാനിക് വേഴ്‌സസ്' സമര്‍പ്പിച്ചിരിക്കുന്നത് മരിയാനയ്ക്കാണ്. കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോര്‍ക്കിലാണു താമസം. 2016ല്‍ യുഎസ് പൗരത്വവും സ്വീകരിച്ചു.

പുസ്തകത്തിനെതിരെ വിവിധ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. 1988 ഒക്‌ടോബറില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 'സേറ്റാനിക് വേഴ്‌സസ്' ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. 20 രാജ്യങ്ങളാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ പുസ്തകത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ചു. 1989 ഫെബ്രുവരില്‍ പാക്കിസ്ഥാനിലെ യുഎസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആക്രമിക്കപ്പെട്ടു. 'അമേരിക്കന്‍ പട്ടികള്‍' എന്നും 'റുഷ്ദിയെ തൂക്കിലേറ്റണം' എന്നും അലറിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പൊലീസ് വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചു. 1991ലാണ് ഒളിവു ജീവിതം വിട്ട് റുഷ്ദി സാവധാനം പുറത്തുവന്നു തുടങ്ങി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ റുഷ്ദിയുടെ ജാപ്പനീസ് വിവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റാലിയന്‍ വിവര്‍ത്തനു കുത്തേറ്റു. രണ്ടു വര്‍ഷത്തിനു ശേഷം നോര്‍വീജിയന്‍ പ്രസാധകന് വെടിയേറ്റു. എന്നാല്‍ ഇതൊന്നും ഖുമൈനിയുടെ മതശാസന പ്രകാരമായിരുന്നോ എന്നു വ്യക്തമല്ല.

attack-on-salman-rushdie
അക്രമിയുടെ കുത്തേറ്റ് സൽമാൻ റുഷ്ദി (വൃത്തത്തിൽ) നിലത്തുവീണപ്പോൾ.

'സേറ്റാനിക് വേഴ്‌സസ്' തുര്‍ക്കി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങിയ അസീസ് നെസിന്‍ എത്തിയ ഹോട്ടലിന് 1993ല്‍ പ്രതിഷേധക്കാര്‍ തീവച്ചു. അസീസ് രക്ഷപ്പെട്ടെങ്കിലും 37 പേര്‍ മരിച്ചു. 1998ല്‍ ഇറാനിലെ മൊഹമ്മദ് ഖത്താമി ഭരണകൂടം മതശാസന നടപ്പാക്കില്ലെന്ന് ബ്രിട്ടന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഖുമൈനിയുടെ പിന്‍ഗാമിയായ അയത്തുള്ള അലി ഖമനയി, റുഷ്ദിയെ വധിക്കുന്നതിനെ അനുകൂലിച്ചിരുന്നു. 2007ല്‍ എലിസബത്ത് രാജ്ഞി റുഷ്ദിയെ ആദരിച്ചത് ഇറാനെ ചൊടിപ്പിച്ചിരുന്നു. മതശാസന നിലനില്‍ക്കുന്നുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ബ്രിട്ടനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.

salman-rushdie
സൽമാൻ റുഷ്‌ദി (ഫയൽ ചിത്രം)

വെള്ളിയാഴ്ച വരെ ന്യൂയോര്‍ക്കില്‍ റുഷ്ദി സാധാരണ ജീവിതമാണ് നയിച്ചിരുന്നു. വിവിധയിടങ്ങളില്‍ സ്വതന്ത്രമായി പ്രഭാഷണം നടത്താനും മറ്റും പോയിരുന്നു. വെള്ളിയാഴ്ച, പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം രാത്രി 8.30) ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ന്യൂജഴ്‌സിയില്‍ നിന്നുള്ള ഹാദി മറ്റാര്‍ (24) ആണു പിടിയിലായതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. നിലത്തുവീണ റുഷ്ദിക്ക് അടിയന്തര വൈദ്യശുശ്രൂഷ നല്‍കിയശേഷമാണു ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്. റുഷ്ദിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കറുത്ത വസ്ത്രധാരിയായ അക്രമി മിന്നല്‍വേഗത്തില്‍ റുഷ്ദിക്കു പിന്നിലെത്തി കുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. റുഷ്ദിക്കൊപ്പം വേദിയിലുണ്ടായിരുന്ന ഒരാള്‍ക്കും പരുക്കേറ്റു.

English Summary: The 33-Year-Old Fatwa Against Salman Rushdie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA