ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സിലക്‌ഷൻ കമ്മിറ്റി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്.

അഭിമുഖത്തിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്കോർ പോയിന്റും അധ്യാപന പരിചയവും പ്രിയവർഗീസിനായിരുന്നു. ഉയർന്ന റിസർച്ച് സ്കോർ പോയിന്റുള്ളവരെ അഭിമുഖത്തിനു കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു.

യുജിസി ചട്ടപ്രകാരമുള്ള എട്ട് വർഷത്തെ അധ്യാപന പരിചയത്തിനു സർവകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടരായിരുന്ന രണ്ട് വർഷത്തെ അനധ്യാപക കാലയളവ് കൂടി അധ്യാപന പരിചയമായി കണക്കിലെടുത്തതായി വിവരാവകാശ രേഖയിൽ പറയുന്നു. ഇതു ചട്ടവിരുദ്ധമാണ്.

156 സ്കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിനു ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ 651 റിസർച്ച് സ്കോർ പോയിന്റുള്ള ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകൻ ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും 645 സ്കോർ പോയിന്റുള്ള മലയാളം സർവകലാശാല അധ്യാപകൻ സി.ഗണേഷിനു മൂന്നാം റാങ്കുമാണ് നൽകിയത്. അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറു പേരെയും അഭിമുഖത്തിനു ക്ഷണിച്ചിരുന്നു.

പ്രിയ വർഗീസിന് അഭിമുഖത്തിനു 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയക്ക് 30 മാർക്കും സി.ഗണേഷിന് 28 മാർക്കുമാണ് നൽകിയത്. സിലക്‌ഷൻ കമ്മിറ്റി തയാറാക്കിയ മൂന്നു പേരുടെ റാങ്ക് പട്ടികയാണ് സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചത്.

അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതിനിടെ ഡോ. പ്രിയ വർഗീസിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി.ഡയറക്ടർ എന്ന നിലയിൽ ഒരു വർഷം കൂടി ഡപ്യൂട്ടേഷൻ നീട്ടി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. തൃശൂർ കേരളവർമ കോളജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയയ്ക്ക് കഴിഞ്ഞ ജൂലൈ 7 മുതൽ പ്രാബല്യത്തോടെയാണ് ഡപ്യൂട്ടേഷൻ നീട്ടി നൽകിയത്.

English Summary: Appointment details of Priya Varghese shows she is the least qualified one in research papers score point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com