ADVERTISEMENT

സീതത്തോട് ∙ ഗവി റൂട്ടിൽ അരണമുടിയിൽ മലയിടിഞ്ഞ സമയത്ത് കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളിലെ ഡ്യൂട്ടികളെ പറ്റി ഓർക്കുമ്പോൾ കക്കാട് ഡിവിഷൻ അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്ക് ഇന്നും ഭയമാണ്. സർവീസിനിടയിൽ ഇങ്ങനെയൊരു അനുഭവം ആദ്യമെന്ന് മൂഴിയാർ സബ് ഡിവിഷനിലെ അസി.എൻജിനീയർ അബ്ദുൽ റഹീം പറയുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ശബരിഗിരി  പദ്ധതിയുടെ ജല സംഭരണികളായ കക്കി–ആനത്തോട്, പമ്പ എന്നിവയുടെ ഷട്ടറുകൾ ഉയർത്തുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് അരണമുടിയിൽ മീറ്റർ കണക്കിനു ദൂരത്തിൽ മണ്ണിടിയുന്നത്. കക്കാട് ഡിവിഷന്റെ കീഴിൽ മൂഴിയാർ സബ് ഡിവിഷന്റെ പരിധിയിലാണ് കക്കി–ആനത്തോട് അണക്കെട്ട്. പമ്പ അണക്കെട്ട് പമ്പാ സബ് ഡിവിഷന്റെ കീഴിലുമാണ്.

അണക്കെട്ടുകൾ തുറന്നപ്പോൾ ഡിവിഷനിലെ ഉദ്യോഗസ്ഥർ എല്ലാം കിലോമീറ്ററുകൾ ചുറ്റി വണ്ടിപ്പെരിയാർ വഴി ആനത്തോട്ടിലും പമ്പയിലും എത്തിയാണ് ഷട്ടറുകൾ തുറന്ന് വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ആനത്തോട് അണക്കെട്ട് മൂഴിയാർ സബ് ഡിവിഷന്റെ കീഴിലാണ്. മൂഴിയാറിൽനിന്ന് ദിവസവും ഇത്രയും ദൂരം താണ്ടി ആനത്തോട്ടിൽ എത്തുന്നത് ശ്രമകരമായിരുന്നു.  

സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരും അണക്കെട്ടിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും മിക്ക ദിവസവും മണ്ണിടിഞ്ഞ് കിടക്കുന്ന സ്ഥലത്തിന്റെ ഇരു കരകളിലും എത്തും. മഞ്ഞ് മൂടി കിടക്കുന്നതിനാൽ പരസ്പരം കാണാൻ പോലും കഴിയുന്നത് ഏറെ സമയത്തിനു ശേഷമായിരുന്നു. ഇങ്ങനെയായിരുന്നു കുറെ ദിവസം നേരിൽ കണ്ടുള്ള ആശയ വിനിമയം നടന്നിരുന്നത്.

മണ്ണുമാന്തി യന്ത്രം ഓടിത്തുടങ്ങിയതോടെ ഇതിനു മുകളിലൂടെ നടന്നാണ് അത്യാവശ്യം വേണ്ട പേപ്പറുകളിൽ മൂഴിയാർ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ സക്കീർ ഹുസൈനേയും  കൊണ്ട് ഒപ്പ് ഇടീപ്പിക്കുന്നതടക്കമുള്ള ജോലികൾ ചെയ്തിരുന്നത്. ഗവി റൂട്ടിലെ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ദിവസങ്ങൾക്കു ശേഷം ഉദ്യോഗസ്ഥരിൽ പലരും കാടിറങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി അതിശക്തമായ കാറ്റും മഞ്ഞുമാണ് ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.

English Summary: Dam safety officer on Landslide in Aranamudi, Gavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com