ADVERTISEMENT

തിരുവനന്തപുരം ∙ കശ്മീരുമായി ബന്ധപ്പെട്ടു ഫെയ്സ്ബുക്കിലെ വിവാദ പരാമർശം പിൻവലിച്ച് കെ.ടി.ജലീൽ എംഎൽഎ. ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പ്രസ്തുത കുറിപ്പിലെ വിവാദ വരികൾ പിൻവലിക്കുന്നതായി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ജലീൽ അറിയിച്ചു.

അതേസമയം, കശ്മീർ സന്ദർശനത്തിനു ശേഷം ശനിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ കെ.ടി. ജലീൽ വിവാദപരാമർശത്തിൽ പ്രതികരിക്കാൻ തയാറായില്ല.

കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് ജലീൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് വിവാദമായത്. കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചതിനെച്ചൊല്ലിയായിരുന്നു വിവാദം. മുൻമന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. കശ്മീർ സന്ദർശനത്തെക്കുറിച്ച് എഴുതിയ പോസ്റ്റിലായിരുന്നു വിവാദ പരാമർശങ്ങൾ.

പോസ്റ്റ് പിൻവലിക്കുന്നതായി അറിയിച്ച് കെ.ടി.ജലീലിട്ട പോസ്റ്റ്:

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെ കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയത് എന്റെ ശ്രദ്ധയിൽപെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.

ജയ് ഹിന്ദ്.

English Summary: KT Jaleel Withdraws Controversial Statements on Kashmir in His FB Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com