‘ബൈക്ക് മോഷ്ടിച്ച് കുട്ടികൾ സംഘമായി കവർച്ചയ്ക്ക്; ഒത്താശയോടെ ലഹരി മാഫിയ’

robbery-money-fraud
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത മോഷ്ടാവ് പിടിയിലായപ്പോൾ തുമ്പു ലഭിച്ചത് ഇരുപതിലേറെ മോഷണങ്ങൾക്ക്. ലഹരിക്കും മോഷണത്തിനുമായി രൂപീകരിച്ച ‘റോബറി ഗ്രൂപ്പ്’ എന്ന വാട്സാപ് ഗ്രൂപ്പിന്റെ വിവരങ്ങളും പുറത്തായി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.

സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ്, പന്തീരാങ്കാവ് ഇൻസ്പെക്ടർ ഗണേശൻ, സബ് ഇൻസ്പെക്ടർ ധനയഞ്ജയ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രായപൂർത്തിയാകാത്ത മോഷ്ടാവിനെ പിടികൂടിയത്. കസബ, എലത്തൂർ, അത്തോളി, കാക്കൂർ, പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽനിന്നും കൽപറ്റയിൽനിന്നും ഇയാൾ വാഹനങ്ങൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

സ്കൂട്ടറും ബൈക്കും മോഷ്ടിച്ച് അതിൽ സഞ്ചരിച്ച് രാത്രി കടകളിലുൾപ്പെടെ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പിന്നീട് ഇരുചക്ര വാഹനം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കും. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്നു ബാറ്ററി, ഇരുമ്പു സാധനങ്ങൾ എന്നിവ മോഷ്ടിക്കുന്ന പതിവുമുണ്ട്. കൽപറ്റയിലെ ആക്രിക്കട, കോഴിക്കട എന്നിവിടങ്ങളിലെ മോഷണവും വയനാട് പിണങ്ങോട് മൊബൈൽ ഷോപ്പിൽനിന്നും 2 ലക്ഷത്തോളം രൂപ വരുന്ന മൊബൈൽ ഫോണുകൾ, പവർ ബാങ്ക് എന്നിവ മോഷ്ടിച്ചതും ചുണ്ടേൽ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയതും ഇയാളാണെന്നു പൊലീസ് പറഞ്ഞു.

പലയിടങ്ങളിൽനിന്നും പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും വിദഗ്ധമായി ഓടിമറയും. കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളിനു സമീപത്തുനിന്നു സ്കൂട്ടർ മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്. മറ്റു ചിലരും മോഷണത്തിൽ പങ്കെടുത്തതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അവരെ താമസിയാതെ പിടികൂടുമെന്നു പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഈ കുട്ടിക്ക്, ഒട്ടേറെ ലഹരിമാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി ഫോൺ രേഖകളിൽനിന്നു വ്യക്തമായി.

മോഷണത്തിനും ലഹരിക്കുമായി രൂപീകരിച്ച ‘റോബറി ഗ്രൂപ്പ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും ഫോണിൽനിന്ന് വിവരം ലഭിച്ചു. ഈ സംഘത്തെക്കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. ഇപ്പോൾ പിടിയിലായ കുട്ടി ഉൾപ്പെടുന്ന സംഘത്തെ നൂറിലധികം മോഷണക്കേസുകളുമായി നേരത്തേ സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് പിടികൂടിയിരുന്നു. സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ.അർജുൻ, രാകേഷ് ചൈതന്യം, പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സബീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മോഷണത്തിന് കുട്ടിസംഘങ്ങൾ –നൈറ്റ് റൈഡ് 

ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ സംഘം ചേർന്നു മോഷണം നടത്തുന്നതും ലഹരി ഉപയോഗിക്കുന്നതും വർധിക്കുന്നതായി റിപ്പോർട്ട്. ലഹരി മാഫിയകളാണു കുട്ടികളെ ഇത്തരത്തിൽ മോഷണത്തിനു പ്രേരിപ്പിക്കുന്നതെന്നാണു വിവരം. ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് അതിലാണു കുട്ടികൾ രാത്രിയിൽ മോഷണത്തിന് ഇറങ്ങുന്നത്. മോഷ്ടിച്ച വാഹനത്തിൽ ചെറുസംഘങ്ങളായി തിരിഞ്ഞു വിവിധ സ്ഥലങ്ങളിൽ പോയി കടകളിൽനിന്നും മറ്റും മോഷണം നടത്തും. പൊലീസ്  പിന്തുടർന്നാൽ വാഹനം ഉപേക്ഷിച്ച് ഓടി മറയും.

ഒരു വാഹനം ഏതാനും ദിവസം മാത്രമാണ് ഉപയോഗിക്കുക. അത് വഴിയിൽ ഉപേക്ഷിച്ചു മറ്റൊരു വാഹനം മോഷ്ടിക്കും. മിക്ക കുട്ടികളും വീട്ടുകാരറിയാതെയാണു രാത്രി വീട്ടിൽ നിന്നിറങ്ങുന്നത്. നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്തുകയും ചെയ്യും. ചിലപ്പോൾ വിനോദയാത്രയ്ക്കാണെന്നു പറഞ്ഞു പോകും. ദൂര സ്ഥലങ്ങളിൽ  മോഷണത്തിനു പോകാനാണു വിനോദയാത്രയെന്ന പേര്. വീട്ടുകാരുടെ അശ്രദ്ധയാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് പൊലീസ് പറയുന്നു.

ലഹരി മാഫിയയാണു മോഷണത്തിനു പോകാൻ കുട്ടികൾക്കു പിന്തുണ നൽകുന്നത്. ലഹരി വാങ്ങാനുള്ള പണം മോഷണത്തിലൂടെ കണ്ടെത്താനാണു പ്രേരണ. പിടിക്കപ്പെടുമെന്നാകുമ്പോൾ എന്തു  ചെയ്യണം തുടങ്ങിയ കാര്യങ്ങൾ ഇവർ വിശദീകരിക്കും. മോഷ്ടിച്ച വാഹനത്തിൽ മോഷണത്തിനു പോകുക എന്ന തന്ത്രവും ഇവർ ഉപദേശിച്ചതാകാമെന്നാണ് അനുമാനം. ഇത്തരം കുട്ടികളെ പിടികൂടി നേർവഴിക്കു കൊണ്ടു വരാൻ ജില്ല ഡെപ്യൂട്ടി കമ്മിഷണർ ഡോ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ പൊലീസ് സജീവമായി രംഗത്തുണ്ട്.

English Summary: Minor Boy Arrested In Kozhikode For Robbery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}