ADVERTISEMENT

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിൽ മുഖചിത്രമായി ത്രിവർണ പതാക ഉൾപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടും അതിനോടു മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന പ്രതിപക്ഷ വിമർശത്തിനിടെ, സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക മുഖചിത്രമാക്കി ആർഎസ്എസ്. സംഘടനയുടെ കാവി പതാകയുടെ സ്ഥാനത്താണ് സമൂഹമാധ്യമ പേജുകളിൽ ദേശീയ പതാക ഇടംപിടിച്ചത്. ആർഎസ്എസിന്റെ എല്ലാ ഓഫിസുകളിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താറുണ്ടെന്നും മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന നരേന്ദർ ഠാക്കൂർ വ്യക്തമാക്കി. കഴിഞ്ഞ 52 വർഷമായി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് ഠാക്കൂറിന്റെ വിശദീകരണം.

‘‘ദേശീയ പതാക ഉയർന്നു പറക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ജീവൻ ബലികഴിച്ചത്. എന്നാൽ ഒരു സംഘടന മാത്രം ദേശീയ പതാകയെ അംഗീകരിക്കാൻ മടിക്കുന്നു. 52 വർഷമായി അവരുടെ സംഘടനാ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. അവർ ദേശീയ പതാകയെ അപമാനിച്ചു. ഇപ്പോൾ ആ സംഘടനയിൽനിന്നു വന്നവർ ദേശീയ പതാകയുടെ ചരിത്രം പറയുന്നു, ‘ഓരോ വീട്ടിലും ദേശീയ പതാക’ എന്ന ക്യാംപെയ്ൻ നടത്തുന്നു’– ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

വിഷയം രാഷ്ട്രീയവൽകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് നിലപാട്. ‘ആസാദി കാ അമൃത് മഹോത്സവം’ എന്ന പരിപാടിക്ക് ആർഎസ്എസ് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. സംഘടനയിൽ അംഗങ്ങളായ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ത്രിവർണ പതാകയാക്കിയെന്നും ആർഎസ്എസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റു പല രാഷ്ട്രീയ സംഘടനകളെയും പോലെ സമൂഹമാധ്യമങ്ങളോടും സാങ്കേതിക വിദ്യയോടും ആർഎസ്എസിന് വലിയ അഭിനേവേശമില്ലെന്നും അവർ വിശദീകരിച്ചു. ഇതിനെ ദേശീയ പതാകയോടുള്ള എതിർപ്പായി കാണരുത്. ദേശീയ പതാകയ്ക്കായി ജീവൻ ത്യജിച്ചവർ ഇവിടെയുമുണ്ടെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം ബാക്കിനിൽക്കെ ആർഎസ്എസും സമൂഹമാധ്യമങ്ങളിലെ മുഖച്ചിത്രം ദേശീയ പതാകയാക്കിയത്.

English Summary: RSS Changes Profile Pictures Of Social Media Accounts To National Flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com