ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി പി.രാജീവിന്റെ ഔദ്യോഗിക വാഹനം റൂട്ടു മാറിയതിന്റെ പേരിൽ സസ്പെഷനിലായ ഗ്രേഡ് എസ്ഐ എസ്.എസ്.സാബു രാജന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. നേരത്തെ പൊലീസ് ആസ്ഥാനത്തുനിന്നു നൽകിയ പട്ടിക പ്രകാരമാണ് ഇന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇന്നലെയാണ് ജോലിയിൽ വീഴ്ച ആരോപിച്ച് എസ്ഐ എസ്.എസ്.സാബുരാജൻ, സീനിയർ സിവിൽപൊലീസ് ഓഫിസർ എൻ.ജി.സുനിൽ എന്നിവരെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.

നാലു മാസത്തിനുശേഷം വിരമിക്കാനിരിക്കെയാണ് സാബു രാജനെ സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ സേനയിൽ വ്യാപക പ്രതിഷേധമുണ്ട്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് പറയുന്നു. എന്നാൽ, മന്ത്രിയുടെ ഗൺമാൻ റൂട്ടു മാറിയ കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസി.കമ്മിഷണർ റിപ്പോർട്ടു നൽകിയതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മിഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

നെയ്യാറ്റിൻകരയിൽനിന്ന് എറണാകുളത്തേക്കു പോയ മന്ത്രിയുടെ വാഹനത്തിന്റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന പേരിലാണ് സസ്പെൻഡ് ചെയ്തത്. റൂട്ട് മാറ്റം കാരണം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. പള്ളിച്ചലിൽനിന്ന് കരമന, കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജം‌ക്‌ഷനിൽനിന്നും ദേശീയപാത വഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം.

എന്നാൽ, അകമ്പടിവാഹനം കിള്ളിപ്പാലം തമ്പാനൂർ, ബേക്കറി ജംക്‌ഷനുകൾ വഴി ചാക്കയിലെത്തിയാണ് ദേശീയപാതയിൽ കടന്നത്. രണ്ടു റൂട്ടുകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല. 

English Summary: Suspended Police Officer Wins CM's Police Medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com