‘വെള്ളം കുടിച്ചതിന് അധ്യാപകന്റെ ക്രൂരമർദനം, ജാതി അധിക്ഷേപം’; ദലിത് വിദ്യാർഥി മരിച്ചു

Child Death | Representational Image (Photo - Shutterstock / simon jhuan)
പ്രതീകാത്മക ചിത്രം (Photo - Shutterstock / simon jhuan)
SHARE

ജയ്പുർ ∙ പൊതു ഫിൽറ്ററിൽനിന്ന് വെള്ളമെടുത്തു കുടിച്ചതിന് അധ്യാപകൻ ക്രൂരമായി മർദിച്ച ദലിത് വിദ്യാർഥി മരിച്ചു. ഒൻപതു വയസ്സുകാരനാണു ദാരുണമായി മരണപ്പെട്ടത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലുള്ള സ്വകാര്യ സ്കൂളില്‍ ജുലൈ 20നായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് കുട്ടി മരിച്ചത്. ചയിൽ സിങ് (40) എന്ന അധ്യാപകനെ കൊലക്കുറ്റത്തിനു കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മേഖലയിലെ ഇന്റർനെറ്റ് സംവിധാനം റദ്ദാക്കി. വിദ്യാർഥിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞെട്ടൽ രേഖപ്പെടുത്തി. ‘‘ജലോറിലെ സെയ്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകന്റെ മർദനത്തെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണ്. പ്രതിക്കെതിരെ കൊലപാതകം, എസ്‌സി / എസ്‌ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു’’ – മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. വിശദമായ അന്വേഷണത്തിനും നിർദേശം നൽകി. കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന മന്ത്രി പ്രതാപ് സിങ് ഖച്ചരിയാവാസും വ്യക്തമാക്കി.

‘‘വെള്ളം കുടിച്ചതിന് എന്റെ മകനെ അധ്യാപകനായ ചയിൽ സിങ് ക്രൂരമായി മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. മുഖത്തും ചെവിയിലും പരുക്കുണ്ടായിരുന്നു. ബോധം മറയുന്ന നിലയിൽവരെ കുട്ടി എത്തി. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് പിന്നീടു കുട്ടിയെ ഉദയ്പുരിലേക്കും ഗുജറാത്തിലെ അഹമ്മദാബാദിലേക്കും കൊണ്ടുപോവുകയായിരുന്നു’’ – പിതാവ് പറഞ്ഞു. സംഭവത്തിനെതിരെ വലിയ രോഷമാണ് ഉയരുന്നത്. 

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറോടു റിപ്പോർട്ട് നൽകാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി കമ്മിഷൻ ചെയർമാൻ ഖിലാഡി ലാൽ ബൈർവ ഓഗസ്റ്റ് 15ന് സുരാന ഗ്രാമത്തിലെത്തി കുട്ടിയുടെ കുടുംബത്തെ കാണും.

പട്ടികജാതി ദേശീയ കമ്മിഷൻ ചെയർമാൻ അടിയന്തരമായി ഇടപെടണമെന്നു ചൂണ്ടിക്കാട്ടി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് കത്തെഴുതി. എത്രയും പെട്ടെന്നു മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരിനും പൊലീസിനും നോട്ടിസ് നൽകിയെന്നു ചെയർമാൻ വ്യക്തമാക്കി.

English Summary: Beaten by Teacher For Touching Water Pot, Dalit Boy Dies of Injuries in Rajasthan's Jalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA