ADVERTISEMENT

മരട് ∙ കുമ്പളത്തു ടോൾ കൊടുക്കുന്നത് ഒഴിവാക്കുന്നതിനു വാഹനങ്ങൾ സർവീസ് റോഡിലേയ്ക്കു വെട്ടിക്കുമ്പോൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. തിങ്കളാഴ്ച രാവിലെയും വൈകിട്ടുമായുണ്ടായ രണ്ട് അപകടങ്ങളിൽ ബൈക്ക് യാത്രക്കാർക്കു പരുക്കേറ്റു. അപകടത്തിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നു. രാവിലെയുണ്ടായ അപകടത്തിൽ പറവൂർ സ്വദേശി പോളി പാപ്പച്ചനാണ് പരുക്കേറ്റത്. വൈകിട്ടത്തെ അപകടത്തിൽ കുമ്പളം സ്വദേശിയാണ് അപകടത്തിൽപെട്ടത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ വൈറ്റില ഭാഗത്തുനിന്നു വന്ന ഗുഡ്സ് വണ്ടി ടോൾ കൊടുക്കാതിരിക്കാൻ വേണ്ടി തിരിച്ചപ്പോളാണ് അപകടമുണ്ടായത്. വൈകിട്ടും സമാനരീതിയിലായിരുന്നു അപകടം. അപകടത്തിൽപെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ പത്തു മിനിറ്റ് കാത്തുനിന്നിട്ടും ആംബുലൻസ് കിട്ടാതായതോടെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ടോൾ പ്ലാസയോടനുബന്ധിച്ചു ടോൾ കൊടുക്കുന്ന റോഡുകളിൽ ആംബുലൻസ് വേണമെന്നാണു നിയമെങ്കിലും കുമ്പളത്ത് ടോൾ പ്ലാസയുടെ തൊട്ടുമുന്നിൽ അപകടമുണ്ടായാലും ആംബുലൻസ് കിട്ടാത്തതു സ്ഥിരം സംഭവമാണ്.

വൈറ്റില ഭാഗത്തുനിന്ന് ആലപ്പുഴയിലേയ്ക്കു വരുമ്പോൾ ടോൾ എത്തുന്നതിനു തൊട്ടുമു‌ൻപുള്ള ഇടവഴിയിലേയ്ക്കു കയറുന്നതിനാണ് സർവീസ് റോഡിലേയ്ക്കു കയറുന്നത്. ഈ സമയം സിഗ്നൽ ശ്രദ്ധിക്കാതെ ഇടതുവശത്തുകൂടി ബൈക്കുകൾ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതാണ് ബൈക്കുകളെ അപകടത്തിൽപെടുത്തുന്നത്. വലിയ വാഹനങ്ങൾ സിഗ്നൽ നൽകാതെ ഇടത്തേയ്ക്കു തിരിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്.

താരതമ്യേന വീതി കുറഞ്ഞ റോഡിലൂടെ ടോൾ വെട്ടിച്ചുള്ള വാഹനങ്ങളുടെ യാത്ര ഗതാഗതക്കുരുക്കുണ്ടാക്കുന്നതും പതിവു സംഭവമാണ്. തദ്ദേശവാസികൾ ഭൂരിഭാഗവും അമിത ടോൾ നിരക്കിൽനിന്നു രക്ഷപ്പെടാൻ ഈ ഇടവഴിയാണ് ഉപയോഗിക്കുന്നത്. ഈ ഭാഗത്ത് ആളുകൾ താമസമുള്ളതിനാൽ‌ വഴി തടയുന്നതിനു നടപടി സ്വീകരിക്കാൻ ദേശീയപാത അധികൃതർക്കും സാധിച്ചിട്ടില്ല. ഉയർന്ന തുക ടോൾ കൊടുത്തിട്ടും പാതയോ സർവീസ് റോഡോ നന്നാക്കാത്തതിൽ പ്രതിഷേധമുള്ള നാട്ടുകാർ ഈ വഴിക്ക് ആവശ്യത്തിലേറെ പ്രചാരവും നൽകുന്നുണ്ട്.

English Summary: Accident at Kumbalam Toll Plaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com