ADVERTISEMENT

ഗോധ്ര∙ ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ ജയിൽ മോചിതരായി. ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഉൾപ്പെട്ടവരെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

2008ലാണ് മുബൈ സിബിഐ കോടതി 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊന്നതുമുൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. ജയിലിൽ 15 വർഷം പൂർത്തിയാക്കിയെന്നും അതിനാൽ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി.

പഞ്ച്മഹൽ കലക്ടർ സുജൽ മയാത്ര അധ്യക്ഷനായി സമിതി രൂപീകരിച്ച് ഇവരെ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിർദേശിച്ചു. എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി തീരുമാനിക്കുകയും നിർദേശം സർക്കാരിനെ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലിൽ നിന്നും തിങ്കളാഴ്ച ഇവർ മോചിതരായത്.

2002 മാർച്ചിൽ ഗോധ്ര കലാപത്തിന് ശേഷമുണ്ടായ ആക്രമണത്തിനിടെയാണ് അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ വധിക്കുകയും െചയ്തത്. കുടുംബത്തിലെ മറ്റ് ആറു പേർ ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് 2004ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാൻ ഇടയുണ്ടെന്ന പരാതിയെത്തുടർന്ന് സുപ്രീം കോടതിയാണ് അഹമ്മദാബാദിൽ നിന്നും കേസ് മുംബൈയിലേക്ക് മാറ്റിയത്. ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു. 

English Summary: Bilkis Bano Case: All 11 Life Imprisonment Convicts Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com