ADVERTISEMENT

പാലക്കാട് ∙ മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി ബിജെപിയും സിപിഎമ്മും. കൊല നടത്തിയത് ആർഎസ്എസ് ആണെന്നും അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ആരോപിച്ചു. ഷാജഹാനെ വധിച്ചവർ വർഷങ്ങൾക്കു മുൻപേ സിപിഎം വിട്ടവരാണെന്നും ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്നും സിപിഎം ജില്ലാ നേതൃത്വം വിശദീകരിച്ചു.

കൊലയാളി സംഘാംഗങ്ങൾ നേരത്തേ പാർട്ടി വിട്ടവരാണ്. ഇപ്പോൾ ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. വർഷങ്ങൾക്കു മുൻപേ പാർട്ടി വിട്ട ഇവർക്ക് ആർഎസ്എസാണ് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റു പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിട്ടില്ലെന്നും ‌സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചയാളാണ് ഷാജഹാൻ. 2008ലായിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു. ഷാജഹാന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് മലമ്പുഴ എംഎൽഎ പ്രഭാകരനും ആരോപിച്ചു.

അതേസമയം, പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ലെന്നാണ് പൊലീസിന്റെ അനുമാനം. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ചു വെട്ടി വീഴ്ത്തിയെന്നാണു വിവരം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാജഹാന്റെ ഭാര്യ: ഐശുമ്മ. മക്കൾ: ഷാഹിർ, ഷഹീർ, ഷിഫാന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

English Summary: CPM Leader Shajahan's Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com