ADVERTISEMENT

മംഗളൂരു∙ യാത്രികന്റെ മൊബൈലിൽ വന്ന സംശയകരമായ സന്ദേശത്തെത്തുടർന്ന് മംഗളൂരു – മുംബൈ വിമാനം ആറു മണിക്കൂർ വൈകി. സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയാണു വിമാനം വൈകാൻ ഇടയാക്കിയത്. ഞായർ രാത്രി മുംബൈയിൽനിന്നു മംഗളൂരുവിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണു നാടകീയ സംഭവങ്ങൾ.

പരാതിയെത്തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പറക്കാൻ അനുമതി ലഭിച്ചത്. വിമാനത്തിൽവച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർ ഇത് എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടർന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

അതേസമയം, പെൺസുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികൻ. ഈ സുഹൃത്ത് ബെംഗളൂരുവിൽ ഇതേ വിമാനത്തിൽ കയറാൻ കാത്തിരിക്കുകയായിരുന്നു. സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശശികുമാർ വ്യക്തമാക്കി. എന്നാൽ ചോദ്യംചെയ്യൽ മണിക്കൂറുകൾ നീണ്ടതോടെ ഇയാൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനായില്ല. പെൺസുഹൃത്തിനും വിമാനത്തിൽ കയറാനായില്ല. തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തിൽ പ്രവേശിക്കാൻ അനുവദിച്ചു. പിന്നീടാണ് വിമാനം മംഗളൂരുവിലേക്കു പുറപ്പെട്ടത്.

English Summary: Flight Delayed By 6 Hours After Co-Passenger Raises Alarm Over Mobile Chat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com