കോഴിക്കോട് ∙ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൂന്നു ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. ഇന്നലെ രാത്രി മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയത് അഴിച്ചുമാറ്റാൻ അഗ്നിരക്ഷാ സേന എത്തിയിരുന്നു. ഈ സമയം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടതായാണ് സൂചന.
അതേസമയം, റിമാൻഡിലിരിക്കെ ഈ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച് 2021 ജൂണിൽ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്.
വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ കിടപ്പുമുറിയിൽ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ സംഭവ ദിവസം രാവിലെ തന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ.
യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്നു രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്ന് ഓടിയ പ്രതി വഴിയിൽകണ്ട ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവം സ്റ്റേഷനിലെത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു. ദൃശ്യയും വിനീഷും ഹയർ സെക്കൻഡറിയിൽ ഒരുമിച്ചു പഠിച്ചിരുന്നു.
കൊലപാതകത്തിനു 3 മാസം മുൻപ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തി. ഇതു നിരസിച്ച കുടുംബം പൊലീസിൽ പരാതി നൽകി. ഈ കേസിൽ പൊലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ദൃശ്യയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
English Summary: Perinthalmanna Drishya murder case accused escaped from Kuthiravattom mental health centre