ADVERTISEMENT

തിരുവനന്തപുരം∙ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വി.ഡി.സവര്‍ക്കറെ അനുസ്മരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്ത് സംഘപരിവാര്‍ ബ്രിട്ടിഷുകാര്‍ക്കൊപ്പം നിന്നു. ഇന്നു സ്വാതന്ത്ര്യസമരത്തിന്‍റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഡൽഹിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരാളുടെ പേര് പരാമർശിക്കുന്നത് നാം കേട്ടു. അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നതാണ് കണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ വലിയതോതിലുള്ള പ്രത്യേകത എന്താണ്? സ്വാതന്ത്ര്യ സമരഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനു മാപ്പ് എഴുതിക്കൊടുത്തു എന്നതാണ്. ഗാന്ധി വധത്തിൽ പ്രതിയായിരുന്ന അദ്ദേഹത്തിനെ ഇന്ന് പ്രധാനമന്ത്രി വലിയൊരു ബഹുമതി ചാർത്തിക്കൊടുക്കുന്നു. ചരിത്രം തിരുത്താൻ ശ്രമിക്കുകയാണ്. 

ചരിത്രം സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരുടേതല്ല. സ്വതാന്ത്ര്യസമരഘട്ടത്തിൽ ബ്രിട്ടിഷുകാരോടൊപ്പംനിന്ന് ദേശീയ പ്രസ്ഥാനത്തെ വഞ്ചിക്കുന്നതിന് നേതൃത്വം കൊടുത്തവരുടേതല്ല. ആ സമരത്തിൽ അനേകം ആളുകൾ ജീവൻവെടിഞ്ഞിട്ടുണ്ട്. ഒരുപാട് ആളുകൾ വലിയ തോതിലുള്ള യാതനകളും പീഡനങ്ങളും ജയിലറകളിൽ അനുഭവിച്ചിട്ടുണ്ട്. വലിയ തോതിലുള്ള മർദനമുറകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തൂക്കുമരത്തിനു മുന്നിലും ഒരുതരത്തിലുള്ള അടിപതർച്ചയുമില്ലാതെ അതിനെ നേരിട്ടവരാണ് സ്വാതന്ത്ര്യസമര പോരാളികൾ. അവിടെയാണ് അവരെയെല്ലാം മാറ്റി നിർത്തിക്കൊണ്ട് ഈ പറയുന്ന ഒരു ചരിത്രത്തിന്റെ ഭാഗമല്ലാത്ത ആളുകളെ പുതിയ ചരിത്രം രചിക്കുന്നതിന്റെ ഭാഗമായി ഇവരാണ് യഥാർഥ സ്വാതന്ത്ര്യസമര സേനാനികൾ എന്നു പറയുന്നതിനു വേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. 

അന്നത്തെ സംഘപരിവാർ വിഭാഗം രാജ്യത്തിന്റെ വൈസ്രോയിയുടെ മുന്നിൽപ്പോയി പറഞ്ഞ കാര്യമുണ്ട്. ‘നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. ഞങ്ങൾ നിങ്ങൾക്കെതിരല്ല. നിങ്ങളുടെ കൂടെയാണ്’. അതായത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനൊപ്പം ഞങ്ങളില്ല എന്നു പറയാൻ തയാറായ ഒരു വിഭാഗത്തിന്റെ പിന്തുടർച്ചക്കാർ ഇപ്പോൾ സ്വാതന്ത്ര്യസമരത്തിന്റെ നേർ അവകാശികളായി മാറാൻ വേണ്ടി ഇപ്പോൾ ചരിത്രം തിരുത്തി എഴുതാൻ ശ്രമിക്കുകയാണ്. ഗോൾവാൾക്കറിന്റെയും സവർക്കറുടെയും ആശയങ്ങൾ പിന്തുടരുന്ന വർഗീയവാദികൾ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിർമാണത്തിനു പിന്നിലെ ദേശീയതയുടെ വിശാല സങ്കൽപ്പത്തെ അതിന്റെ മതനിരപേക്ഷ സ്വഭാവത്തെ തന്നെ അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആ വർഗീയവാദികളാൽ ആണ് ഇപ്പോൾ കേന്ദ്ര സർക്കാർ നയിക്കപ്പെടുന്നത്. 

ജനജീവിത്തിന്റെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യരുത്, അതു സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കരുത് എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്ന കാഴ്ചയും കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കാണാനായി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരുത്തരവും നൽകാൻ ഈ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല.’– മുഖ്യമന്ത്രി പറഞ്ഞു. 

English Summary: Pinarayi Vijayan against PM Narendra Modi's speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com