ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ എതിർപ്പറിയിച്ച് സിപിഐ. ഈ രൂപത്തിൽ‌ ബിൽ അവതരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്നു സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിലപാടെടുത്തു. പ്രശ്നം ചർച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തലത്തിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണു സിപിഐ ആലോചിക്കുന്നത്.

ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിനു പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിനു വിടണമെന്നാണു സിപിഐ നിർദേശം. അഴിമതിക്കെതിരെയുള്ള ഫലപ്രദമായ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടു സ്വീകരിക്കാനാകില്ലെന്നു സിപിഐ പറയുന്നു. സ്വതന്ത്ര സ്വഭാവമുള്ള സമിതിയുടെ കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിരുന്നു.

1999ൽ പാർട്ടിയുടെ മുതിർന്ന നേതാവ് ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും, പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ അത്തരമൊരു പഴി കേൾക്കാൻ നേതൃത്വം തയാറല്ല. ഗവർണർ‌ ഒപ്പിടാത്തതിനെ തുടർന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായിരുന്നു. ഈ മാസം 22നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളത്തിൽ ബില്ലായി അവതരിപ്പിക്കാനാണു സർക്കാർ ആലോചിക്കുന്നത്.

ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണു ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത്. ഈ വകുപ്പ് അനുസരിച്ചാണ് മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ നടപടിയുണ്ടായത്. ജലീലിനു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതോടെ ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

kt-jaleel
കെ.ടി.ജലീൽ

അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി.

English Summary: CPI Ministers express displeasure on Lokayukta Ordinance in Cabinet meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com