ADVERTISEMENT

തിരുവനന്തപുരം∙ ലോകായുക്താ ബില്ലിൽ മാറ്റം വേണമെന്ന സിപിഐ നിർദേശത്തോട് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിയോജിക്കാൻ കാരണം നിയമപ്രശ്നങ്ങൾ. സിപിഎമ്മും സിപിഐയും ചർച്ചകളിലൂടെ സമവായത്തിലെത്തിയാൽ, ഇരുകൂട്ടർക്കും താൽപര്യമുള്ള നിർദേശം ഔദ്യോഗിക ഭേദഗതിയായി നിയമസഭയിൽ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ലോകായുക്ത വിധി പരിശോധിക്കാൻ അഞ്ചംഗ പ്രത്യേക സമിതി വേണമെന്ന സിപിഐ നിർദേശം പരിഗണിക്കപ്പെടുമോ എന്നറിയാന്‍ ഇരുപാർട്ടികളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയാകണം.

സിപിഎമ്മുമായി ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ഓഗസ്റ്റ് 20നു ചേരുന്ന സിപിഐ എക്സിക്യൂട്ടിവ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു. ജില്ലാ സമ്മേളനങ്ങൾ നടക്കുന്നതിനാൽ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാൻ സിപിഐയ്ക്കു കഴിയില്ല. സിപിഎം എന്തു സമവായ സൂത്രവാക്യമാണ് മുന്നോട്ടു വയ്ക്കുന്നത് എന്നതിലാണ് ആകാംക്ഷ.

ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായതിനാലാണ് ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഓർഡിനൻസ് ബില്ലാകുമ്പോൾ വലിയ മാറ്റങ്ങൾ സാധാരണ ഗതിയിൽ സാധ്യമല്ല. ഓർഡിന്‍സായി നിലനിന്ന കാലഘട്ടത്തിൽ എടുത്ത തീരുമാനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഭേദഗതികൾ ബില്ലിൽ വന്നാൽ അതു നിയമപ്രശ്നങ്ങൾക്കു കാരണമാകും. ഇക്കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

ഓർഡിനൻസ് അസാധുവായതോടെ പഴയ ലോകായുക്ത നിയമം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഇതിനെ മറികടക്കാൻ, ഓർഡിനൻസ് അസാധുവായ കാലഘട്ടം മുതൽ മുൻകാല പ്രാബല്യം നൽകിയാണ് ബിൽ അവതരിപ്പിക്കുക. മുൻകാലപ്രാബല്യം കൊടുക്കാതെ ബിൽ പാസാകുന്ന തീയതി മുതൽ പ്രാബല്യം നൽകിയാൽ സിപിഐ നിർദേശിക്കുന്ന തരത്തിലുള്ള ഭേദഗതികൾ സാധ്യമാകും. നിയമമന്ത്രിക്കു ഔദ്യോഗിക ഭേദഗതികളായി അവതരിപ്പിക്കാം.

സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ സർക്കാർ ഉദ്ദേശിക്കുന്ന തരത്തിൽ ബിൽ പാസാക്കാനാകും. സിപിഎമ്മുമായുള്ള ചർച്ചയിൽ സമവായത്തിലെത്തിയില്ലെങ്കിൽ സിപിഐ കടുത്ത നിലപാടിലേക്കു കടക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. സിപിഐ സ്വന്തം ഇഷ്ടപ്രകാരമുള്ള ഭേദഗതി നിയമസഭയിൽ കൊണ്ടുവന്നാൽ ഇപ്പോഴത്തെ ഭൂരിപക്ഷം അനുസരിച്ചു പാസാകില്ല. എൽഡിഎഫിൽ നിന്നുകൊണ്ട് സിപിഐ അത്തരമൊരു നീക്കം നടത്തിയാൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഎമ്മിനെ പിണക്കുന്ന നടപടികളിലേക്കു സിപിഐ കടക്കാൻ സാധ്യതയില്ല. ഇരു പാർട്ടികൾക്കും യോജിപ്പുള്ള നിർദേശങ്ങൾ ചർച്ചകളിലൂടെ ഉരുത്തിരിയാനാണ് സാധ്യത.

Content Highlight: CPM-CPI dispute over Lokayukta Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com