‘ഉത്തരവാദിത്തം റുഷ്ദിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും’: പ്രതികരിച്ച് ഇറാൻ

Salman Rushdie
സൽമാൻ റുഷ്ദി (ഫയൽ ചിത്രം AFP)
SHARE

ദുബായ്∙ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വധശ്രമത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം. എന്നാൽ ആക്രമണത്തിനു ശേഷമുള്ള ഇറാന്റെ ആദ്യ പ്രതികരണത്തിൽ വധശ്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ന്യൂയോർക്കിൽ നടന്ന ആക്രമണത്തിനു മൂന്നു ദിവസത്തിനു ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നാസർ കനാനി പ്രതികരണവുമായി രംഗത്തുവന്നത്. 

സൽമാൻ റുഷ്ദിക്കെതിരെ യുഎസ്സിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും മാത്രമാണ്. അതിൽ മറ്റാരെയും നിന്ദിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ലെന്നു കനാനി പറഞ്ഞു. ‘‘ഈ വിഷയത്തിൽ ആർക്കും ഇറാനെ കുറ്റപ്പെടുത്താനാകില്ല. അദ്ദേഹത്തിന്റെ എഴുത്തിലെ, മതത്തിനെതിരൊയ അധിക്ഷേപങ്ങളും അതിനു ലഭിച്ച പിന്തുണയും എല്ലാ മതവിശ്വാസികൾക്കുമെതിരെയുള്ള അവഹേളനമായാണു കണക്കാക്കുന്നത്. റുഷ്ദിയെ ആക്രമിച്ച ആളെക്കുറിച്ച് മാധ്യമങ്ങളിൽ വന്നതല്ലാതെ മറ്റൊരു വിവരവും ഇറാന് അറിയില്ല’ – അദ്ദേഹം പറഞ്ഞു.  

വെള്ളിയാഴ്ചയാണ് ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ഹാദി മതാർ എന്ന യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ റുഷ്ദിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണു വിവരം. വെന്റിലേറ്ററിൽനിന്നു നീക്കിയിരുന്നു. കത്തി ഉപയോഗിച്ചുള്ള പത്തോളം കുത്തുകളാണു റുഷ്ദിയുടെ ശരീരത്തിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 

അറസ്റ്റിലായ യുവാവ് ഇറാൻ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ ആരാധകനാണെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, എന്നാൽ, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മതാറുടെ സെൽഫോൺ മെസേജിങ് ആപ്പിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ ചിത്രം കണ്ടെത്തിയതായും എൻബിസി റിപ്പോർട്ടിലുണ്ട്.

‘സാത്താനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ റുഷ്ദി, സമീപവർഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.

English Summary: Iran denies involvement but justifies attack on Salman Rushdie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}