ചെറുവാടി (കോഴിക്കോട്) ∙ മുസ്‌ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ചെറുവാടി തെനങ്ങാപറമ്പിൽ എൻ.കെ.അഷ്റഫിന്റെ കാറും ബൈക്കും അടിച്ചു തകർത്ത ശേഷം തീയിട്ടു നശിപ്പിക്കാൻ ശ്രമം. ശനിയാഴ്ച രാത്രിയാണ് സംഭവം. പോർച്ചിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് ആക്രമിച്ചത്.
കാറിന്റെ ഇരുചില്ലുകളും തകർത്ത ശേഷം ബൈക്കും കാറും പെട്രോൾ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമം. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ തീ അണയ്ക്കുകയായിരുന്നു. ആഴ്ചകൾക്കു മുൻപ് അഷ്‌റഫിന്റെ ബുള്ളറ്റ് കളവു പോയിരുന്നു. മുക്കം പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതിയും നൽകി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മുക്കം പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
ഈയിടെയായി ചെറുവാടിയിലും പരിസര പ്രദേശങ്ങളിലും മോഷണവും അക്രമങ്ങളും വർധിച്ചിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ശക്തികളെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച മുസ്‌ലിം ലീഗ് നേതാക്കളായ സി.പി.ചെറിയ മുഹമ്മദ്, കെ.വി.അബ്ദുറഹിമാൻ, കെ.പി.അബ്ദുറഹിമാൻ എന്നിവർ ആവശ്യപ്പെട്ടു.
English Summary: Muslim League Leader vehicles attacked in Kozhikode