ADVERTISEMENT

തിരുവനന്തപുരം ∙ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പ്രത്യേകം തയാറാക്കിയ സംസ്ഥാനതല സ്വാഗത സംഘം ഓഫിസ് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫിസ് ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നിര്‍വഹിച്ചു.

ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും നയങ്ങള്‍ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നതെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ വന്‍കിട കോര്‍പറേറ്റ് മുതലാളിമാരെ സഹായിക്കുകയും സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയുമാണ്. ഇതെല്ലാം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു കൊണ്ടായിരിക്കും ഭാരത് ജോഡോ യാത്ര രാജ്യത്തു പര്യടനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്ര സംസ്ഥാന കോഡിനേറ്ററും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് സ്വാഗതം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ എന്‍.ശക്തന്‍, വി.പി.സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധന്‍, പഴകുളം മധു, കെ.പി.ശ്രീകുമാര്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാര്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍, കെ.മോഹന്‍കുമാര്‍, ഷിഹാബുദീന്‍ കരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Tariq Anwar inaugurated Bharat Jodo Yatra Coordination Committee Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com