ADVERTISEMENT

തിരുവനന്തപുരം∙ സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസിയെ നിയമിക്കാനുള്ള സമിതിയുടെ ഘടന മാറ്റാനാണു പ്രധാനമായും ബിൽ കൊണ്ടുവരുന്നത്. വിസിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാകും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.

ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണു നിലവിൽ വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണർ പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കും. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാറിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് ബിൽ കൊണ്ടുവരുന്നത്.

ഗവർണറുടെ നോമിനിയും യുജിസിയുടെ നോമിനിയും സർക്കാരിനു താൽപര്യമില്ലാത്തവരാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസിയാക്കാൻ ബുദ്ധിമുട്ടാവും. നിലവിൽ മൂന്നംഗ കമ്മിറ്റിക്കു മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താൽപര്യമുള്ള ആളെ വിസിയായി നിയമിക്കാനാവും.

സർക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ ശുപാർശ ചെയ്താൽ അതു കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന്റെ ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും ഭേദഗതിചെയ്യാൻ ആലോചനയുണ്ട്.

സർവകലാശാല പ്രതിനിധിയും, ഗവർണറുടെ പ്രതിനിധിയും സർക്കാരിനു താൽപര്യമുള്ളവരാകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവർണർക്ക് വൈസ് ചാൻസലറായി നിയമിക്കാനാകൂ. സെർച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധി വ്യത്യസ്ത പാനൽ മുന്നോട്ടുവച്ചാലും അതു ഗവർണർക്ക് പരിഗണിക്കാനാവില്ല.

English Summary: University VC Appointment: Government will Decide the Representative of Search Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com