ലക്‌നൗ∙ ‘‘ പൊലീസ് മെസിൽനിന്നു ലഭിക്കുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നു പരാതിപ്പെട്ടു യുപിയിലെ ഫിറോസാബാദിൽ തെരുവിൽ കരയുന്ന പൊലീസുകാരന്റെ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഇനിയെങ്കിലും നിങ്ങൾ തിരുത്തുമോ’’ – റൊട്ടി കയ്യിൽ ഉയർത്തി പിടിച്ചു കൊണ്ടു പൊലീസ് മെസ് ജീവനക്കാരോടു ചോദിക്കുന്നത് മെയിൻപുരി ജില്ലാ പൊലീസ് മേധാവിയാണ്.
‘‘ നിങ്ങൾ ഹൃദയം കൊണ്ടാണ് പാചകം ചെയ്യുന്നതെങ്കിൽ ഭക്ഷണം രുചിയുള്ളതായിരിക്കും. ഇതിനാണു നിങ്ങൾക്കു ശമ്പളം തരുന്നത്. ഇത് എന്താണ്, പരിപ്പുകറിയോ അതോ വെറും വെള്ളമോ? ’’ തവി പാത്രത്തിൽ ഇളക്കി ദേഷ്യത്തിൽ യുപിയിലെ മെയിൻപുരി ജില്ല പൊലീസ് മേധാവി കമലേഷ് ദീക്ഷിത് ജീവനക്കാരോടു ചോദിക്കുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തു.
ജില്ലയിലെ പൊലീസ് മെസിൽ ജില്ലാ പൊലീസ് മേധാവി രണ്ട് ദിവസം മുൻപ് നടത്തിയ മിന്നൽ പരിശോധനയുടെ ദൃശ്യങ്ങൾ മെയിൻപുരി പൊലീസ് ആണ് ട്വീറ്റ് ചെയ്‌തത്. മിന്നൽ പരിശോധനയെ കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതെല്ലാം സാധാരണ നടപടിക്രമം മാത്രമാണെന്നും പൊലീസുകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ തലത്തിൽ തന്നെ നടപടികൾ സ്വീകരിച്ചുവെന്നും കമലേഷ് ദീക്ഷിത് പറഞ്ഞു.
ഒരു പ്ലേറ്റിൽ റൊട്ടിയും പരിപ്പും ചോറുമായി റോഡിൽനിന്നു കരയുന്ന ഫിറോസാബാദിലെ പൊലീസുകാരൻ മനോജ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ പൊലീസ് മെസുകളിലും കർശന പരിശോധന നടത്താൻ യുപി സർക്കാർ നിർദേശം നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനു സംസ്ഥാന സർക്കാർ അലവൻസ് നൽകുമെന്നുള്ളതു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കയ്യടി നേടിയ പ്രഖ്യാപനമായിരുന്നു. എന്നാൽ പ്രഖ്യാപനത്തിനുശേഷവും തങ്ങൾക്കു ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേൻമ പരിതാപകരമാണെന്നു കോൺസ്റ്റബിൾ മനോജ് കുമാർ പരാതിപ്പെട്ടത് യുപി സർക്കാരിനെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണു സർക്കാർ പരിശോധന കർക്കശമാക്കിയത്.
English Summary: Dal Or Water," Another UP Cop Slams Mess Food